05/09/2026
[fontresizer_tawhidurrahmandear_widget]

നോക്കൗട്ടിൽ ബ്രസീലിനെ കാത്തിരിക്കുന്നതാര്? നെതർലൻഡ്‌സോ, ജപ്പാനോ അതോ സ്വീഡനോ? ഗ്രൂപ്പ് എഫിൽ ഇന്ന് വിധിദിനം

 നോക്കൗട്ടിൽ ബ്രസീലിനെ കാത്തിരിക്കുന്നതാര്? നെതർലൻഡ്‌സോ, ജപ്പാനോ അതോ സ്വീഡനോ? ഗ്രൂപ്പ് എഫിൽ ഇന്ന് വിധിദിനം

ലോകകപ്പ് ഫുട്ബോളിൽ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന്റെ നോക്കൗട്ടിലെ എതിരാളി ആരായിരിക്കുമെന്ന് നാളെ പുലർച്ചെ അറിയാം. ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ബ്രസീലിന് ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് അടുത്ത റൗണ്ടിൽ എതിരാളികളായി വരിക. നാളെ പുലർച്ചെ 4.30-ന് നടക്കുന്ന ഗ്രൂപ്പ് എഫിലെ അവസാന മത്സരങ്ങളോടെ ഇതിൽ അന്തിമ തീരുമാനമാകും.

നിലവിലെ പോയിന്റ് നില

ഗ്രൂപ്പ് എഫിൽ നിന്ന് നെതർലൻഡ്‌സ്, ജപ്പാൻ, സ്വീഡൻ എന്നീ മൂന്ന് ടീമുകൾക്കാണ് നോക്കൗട്ട് സാധ്യതയുള്ളത്. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമുള്ള നെതർലൻഡ്‌സും ജപ്പാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മൂന്ന് പോയിന്റുള്ള സ്വീഡൻ മൂന്നാമതാണ്. രണ്ട് കളികളും പരാജയപ്പെട്ട ടുണീഷ്യ ഇതിനകം തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്നതിനേക്കാൾ, കരുത്തരായ ബ്രസീലിന് മുന്നിൽ പെടുന്ന ആ ‘രണ്ടാമന്മാർ’ ആരാകുമെന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

നെതർലൻഡ്സിന്റെ സാധ്യതകൾ

ബ്രസീലിനെ ഒഴിവാക്കാൻ നെതർലൻഡ്സിന് ഇന്ന് ടുണീഷ്യക്കെതിരെ മികച്ച മാർജിനിൽ വിജയിക്കണം. ഒപ്പം, സ്വീഡനെതിരായ മത്സരത്തിൽ ജപ്പാൻ വലിയ ഗോൾ വ്യത്യാസത്തിൽ ജയിക്കാതിരിക്കുകയോ സമനില വഴങ്ങുകയോ വേണം. ഇന്ന് ഇരു ടീമുകളും വിജയിച്ചാൽ ഗോൾ ശരാശരിയാകും ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുക. നിലവിൽ ഇരുവർക്കും പ്ലസ് 4 ഗോൾ വ്യത്യാസമാണുള്ളതെങ്കിലും അടിച്ച ഗോളുകളുടെ എണ്ണത്തിൽ ഡച്ചുകാർക്കാണ് മുൻതൂക്കം. ഇനി നെതർലൻഡ്‌സ് സമനില വഴങ്ങുകയും ജപ്പാനോ സ്വീഡനോ ജയിക്കുകയും ചെയ്താൽ ഡച്ച് പട ഗ്രൂപ്പിൽ രണ്ടാമതാവുകയും നേരിട്ട് ബ്രസീലിന് മുന്നിൽ പെടുകയും ചെയ്യും.

ജപ്പാന്റെ മുന്നിലെ വഴികൾ

സ്വീഡനെതിരെ ഒരു സമനില നേടിയാൽ പോലും ജപ്പാന് നോക്കൗട്ട് ഉറപ്പിക്കാം. എന്നാൽ അങ്ങനെ സംഭവിച്ചാൽ അവർ രണ്ടാം സ്ഥാനക്കാരായി ബ്രസീലിന് മുന്നിലെത്തും. നെതർലൻഡ്സിനേക്കാൾ മികച്ച ഗോൾ വ്യത്യാസത്തിൽ സ്വീഡനെ പരാജയപ്പെടുത്തിയാൽ ജപ്പാന് ഗ്രൂപ്പ് ചാമ്പ്യന്മാരായി തലയുയർത്തി നോക്കൗട്ടിലേക്ക് മുന്നേറാം.

സ്വീഡന് നേരിട്ട് നോക്കൗട്ട് ഉറപ്പാക്കാൻ ഇന്ന് ജപ്പാനെ തോൽപ്പിക്കുക മാത്രമാണ് ഏക വഴി. ജയിച്ചാൽ അവർക്ക് 6 പോയിന്റാകും. അതോടൊപ്പം നെതർലൻഡ്സ് തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ സ്വീഡന് ഗ്രൂപ്പ് ചാമ്പ്യന്മാരുമാകാം. എന്നാൽ ഡച്ചുകാരും സ്വീഡനും ഒരേസമയം ജയിച്ചാൽ സ്വീഡൻ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്ത് ബ്രസീലിന് എതിരാളികളാകും. ഇന്ന് പരാജയപ്പെട്ടാൽ സ്വീഡൻ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പുറത്താകും.

നോക്കൗട്ട് ടിക്കറ്റിനൊപ്പം ബ്രസീലിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡച്ച് പടയും സമുറായ് വീര്യവുമായി ജപ്പാനും സ്വീഡനും കളത്തിലിറങ്ങുന്നത്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് എഫിൽ അവസാന വിസിൽ മുഴങ്ങുന്നത് വരെ ആകാംക്ഷ തുടരുമെന്നുറപ്പാണ്. പ്രവചനങ്ങൾ അസാധ്യമായ രണ്ട് ഗംഭീര മത്സരങ്ങൾക്കാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.

Also read: