06/09/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കി ബിജെപി സർക്കാർ; വെജിറ്റേറിയനിസം അടിച്ചേൽപ്പിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ്

 ബംഗാളിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കി ബിജെപി സർക്കാർ; വെജിറ്റേറിയനിസം അടിച്ചേൽപ്പിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് മുട്ട ഒഴിവാക്കിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധം. കൊൽക്കത്ത കോർപ്പറേഷന് കീഴിലുള്ള സ്കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള ചുമതല ആത്മീയ സംഘടനയായ ഇസ്കോണിന് നൽകാൻ സർക്കാർ തീരുമാനിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ കുട്ടികളുടെ മേൽ വെജിറ്റേറിയനിസം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും, കുട്ടികൾക്ക് ലഭിക്കേണ്ട പോഷകാഹാരം തടസപ്പെടുത്തരുതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ആരോപിച്ചു. ജൂൺ 22-ന് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് ഉച്ചഭക്ഷണ ചുമതല ഇസ്കോണിന് കൈമാറുന്നതായി പ്രഖ്യാപിച്ചത്.

പൂർണ്ണമായും സസ്യാഹാരം മാത്രം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘടനയാണ് ഇസ്കോൺ. അവരുടെ കർശനമായ ചിട്ടകൾ പ്രകാരം ഭക്ഷണത്തിൽ നിന്ന് ഉള്ളി, വെളുത്തുള്ളി, ചുവന്ന പരിപ്പ് എന്നിവയും ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കുന്നത് ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മുട്ടയിലുള്ള പ്രോട്ടീനിന് 97 ശതമാനം ദഹനക്ഷമതയുണ്ട്. എന്നാൽ മുട്ടയ്ക്ക് പകരം സോയാബീൻ, പരിപ്പ് വർഗങ്ങൾ, പനീർ എന്നിവ കുട്ടികൾക്ക് നൽകി ആവശ്യമായ പ്രോട്ടീൻ ഉറപ്പുവരുത്തുമെന്നാണ് സർക്കാർ ബഡ്ജറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഉച്ചഭക്ഷണ പദ്ധതിക്കായി ഒരു വിദ്യാർത്ഥിക്ക് സർക്കാർ നൽകിയിരുന്ന തുക 6.78 രൂപയിൽ നിന്ന് 10 രൂപയായി വർദ്ധിപ്പിച്ചിട്ടുമുണ്ട്. എന്നാൽ സോയാബീനിലും പരിപ്പിലും ഉള്ളതിനേക്കാൾ മികച്ച പ്രോട്ടീൻ മുട്ടയിലാണുള്ളതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തുക വർദ്ധിപ്പിച്ചത് സാധാരണക്കാരായ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും, സർക്കാരിന്റെ ഈ നീക്കം സ്കൂളുകളിലെ കുട്ടികളുടെ ഹാജർനിലയെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. രാജ്യത്ത് ബംഗാൾ ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലാണ് നിലവിൽ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുട്ട പദ്ധതിയിലെ പ്രധാന ഘടകമാണ്. അതേസമയം ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ മുട്ടയില്ലാതെയുള്ള ഉച്ചഭക്ഷണമാണ് നൽകുന്നത്. മഹാരാഷ്ട്രയിൽ മുട്ട വിതരണം ചെയ്യുന്നുണ്ടെങ്കിലും അത് സർക്കാർ പിന്തുണയോടെയല്ല സ്കൂളുകൾ നടപ്പിലാക്കുന്നത്.

Also read: