ഉത്തര്‍പ്രദേശില്‍ വീട്ടിൽ ബീഫ് പാകം ചെയ്ത മൂന്ന് മുസ്ലിം സ്ത്രീകള്‍ അറസ്റ്റില്‍
ലക്ക്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ വീട്ടിൽ ബീഫ് പാകം ചെയ്തുവെന്ന രഹസ്യവിവരത്തെ തുടർന്ന് മൂന്ന് മുസ്ലിം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കൗശാംബിയിലെ ഒരു വീട്ടിൽ ബീഫ് കൊണ്ടുവന്ന് പാകം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഇത് സ്ഥിരീകരിച്ച ശേഷം പൊലീസ് സംഘം ഈ വീട്ടിൽ റെയ്ഡിനായി എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന നാല് പുരുഷന്മാർ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ സ്ത്രീകളുടെ ഭർത്താക്കന്മാരും ഒരു അയൽവാസിയുമാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. മുംബൈയിൽ ജോലി ചെയ്യുന്ന ഇവർ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പുരുഷന്മാർ രക്ഷപ്പെട്ടതിന് പിന്നാലെ സ്ത്രീകളും കടന്നുകളയാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസുകാരുടെ നേതൃത്വത്തിൽ ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പരിശോധനയിൽ വീട്ടിൽ നിന്നും ഒരു കിലോ വേവിക്കാത്ത മാംസവും ഒരു പാത്രത്തിലായി വേവിച്ച ഒരു കിലോ മാംസവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് ഡി.എസ്.പി പറഞ്ഞു. മുപ്പത് വയസ്സിനോട് അടുത്ത് പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.