06/09/2026
[fontresizer_tawhidurrahmandear_widget]

രാജസ്ഥാനിൽ മുസ്‌ലിം പള്ളികളും മദ്രസകളും വ്യാപകമായി പൊളിച്ചുമാറ്റുന്നു; പ്രതിഷേധവുമായി ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് തെരുവിൽ

 രാജസ്ഥാനിൽ മുസ്‌ലിം പള്ളികളും മദ്രസകളും വ്യാപകമായി പൊളിച്ചുമാറ്റുന്നു; പ്രതിഷേധവുമായി ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് തെരുവിൽ

ബാർമർ: രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിൽ മുസ്‌ലിം ആരാധനാലയങ്ങൾ കൂട്ടത്തോടെ പൊളിച്ചുമാറ്റുന്ന സർക്കാർ നടപടിക്കെതിരെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ച് പ്രതിഷേധരംഗത്ത്. സുരക്ഷാ കാരണങ്ങളും കയ്യേറ്റവും ചൂണ്ടിക്കാട്ടി രാജസ്ഥാൻ ഭരണകൂടവും സുരക്ഷാ ഏജൻസികളും സംയുക്തമായി ആരംഭിച്ച ‘ഓപ്പറേഷൻ സ്വീപ്’ എന്ന നടപടിയുടെ ഭാഗമായാണ് പള്ളികളും മദ്രസകളും ദർഗകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത്. ഇതിനെതിരെയാണ് ബാർമർ ജില്ലയിലുൾപ്പെടെ ഇരു സമുദായങ്ങളിൽ നിന്നുമുള്ള ഗ്രാമീണർ വലിയ പ്രതിഷേധവുമായി രംഗത്തുവന്നത്.

ബാർമർ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് പുറത്ത് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ‘സർവ്വ ധർമ്മ ശാന്തി സഭ’ എന്ന പേരിൽ മതാന്തര സമാധാന സമ്മേളനം സംഘടിപ്പിക്കുകയും, ഈ നടപടി ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകുകയും ചെയ്തു. ദീർഘകാലമായി നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കുന്നതാണ് ഈ ഏകപക്ഷീയമായ പൊളിച്ചുമാറ്റൽ നടപടികളെന്ന് ഗ്രാമീണർ മുന്നറിയിപ്പ് നൽകി.

ഭരണകൂടം നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും പ്രാദേശിക ജനങ്ങളുമായി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. ഒരു മതത്തിന്റെ ആരാധനാലയങ്ങൾ മാത്രം ലക്ഷ്യം വെക്കുന്നതിന് പകരം ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ഒരേ മാനദണ്ഡങ്ങൾ വെച്ച് പരിശോധിക്കണമെന്ന് സർപഞ്ച് സുർത്താറാം മേഘ്‌വാൾ തുറന്നടിച്ചു. മുസ്‌ലിം സമുദായത്തിന് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ തങ്ങൾക്കേറ്റ അടിയാണെന്നും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഹിന്ദുക്കൾ എപ്പോഴും മുസ്‌ലിം സഹോദരങ്ങൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തലമുറകളായി ഐക്യത്തോടെ ജീവിക്കുന്നവരാണ് ഗ്രാമീണർ എന്നും, പുറത്തുള്ളവർക്ക് ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്നമായി തോന്നാമെങ്കിലും തങ്ങൾ ഒത്തൊരുമയോടെയാണ് ജീവിക്കുന്നതെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു.

സർക്കാരിന്റെ നിർദ്ദേശപ്രകാരം തകർത്ത പല മസാറുകളും ദർഗകളും വർഷങ്ങൾ പഴക്കമുള്ളതും രണ്ട് സമുദായത്തിലുള്ളവരും ഒരുപോലെ വിശ്വാസമർപ്പിച്ചിരുന്നവയുമാണ്. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ജയ്‌സൽമീർ, ബിക്കാനീർ, ശ്രീഗംഗാനഗർ, ബാർമർ തുടങ്ങിയ ജില്ലകളിലെ മുസ്‌ലിം ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (APCR) ചൂണ്ടിക്കാട്ടുന്നു. ഇവരുടെ കണക്കുകൾ പ്രകാരം ഇതിനകം 350-ഓളം പള്ളികൾക്കാണ് അതിർത്തി പ്രദേശങ്ങളിൽ പൊളിച്ചുമാറ്റാൻ നോട്ടീസ് ലഭിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിയമവിരുദ്ധമായ പൊളിച്ചുമാറ്റലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഗ്രാമീണരുടെ ഈ ഐക്യദാർഢ്യത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകളുടെയും നിയമവിദഗ്ദ്ധരുടെയും പിന്തുണ ലഭിക്കുന്നുണ്ട്.

Also read: