ഫേസ്ബുക്കിലൂടെ പ്രണയം; ഗസ്സ സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ച് അമേരിക്കൻ അധ്യാപിക, പിന്നാലെ നിയമക്കുരുക്ക്
ലോസ് ആഞ്ചലസ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗസ്സ സ്വദേശിയെ അമേരിക്കൻ അധ്യാപിക ഓൺലൈനായി വിവാഹം കഴിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ നൃത്ത അധ്യാപികയായ അൻപത്തിയൊന്നുകാരി ലോറ പിഞ്ഞോയാണ് ഗസ്സയിൽ നിന്നുള്ള സലേം അബു അമ്രയെ ജീവിതപങ്കാളിയാക്കിയത്. എന്നാൽ, ഫലസ്തീൻ അവകാശ പോരാട്ടങ്ങളെ പിന്തുണയ്ക്കാനും അബു അമ്രയ്ക്ക് അമേരിക്കൻ പൗരത്വം നേടിക്കൊടുക്കാനുമാണ് ഈ വിവാഹമെന്ന ലോറയുടെ പരസ്യപ്രതികരണം ഇപ്പോൾ വലിയ വിവാദങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
യുദ്ധവിരുദ്ധ സംഘടനയായ കോഡ്പിങ്ക് ജൂൺ 16-ന് സംഘടിപ്പിച്ച സൂം വെബിനാറിലാണ് ലോറ താൻ വിവാഹിതയായ വിവരം ലോകത്തെ അറിയിച്ചത്. സലേം അബു അമ്രയുടെ സാമൂഹിക ഇടപെടലുകളും ആക്ടിവിസവുമാണ് അദ്ദേഹത്തിലേക്ക് തന്നെ ആകർഷിച്ചതെന്ന് അവർ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. തുടർന്ന് വിവാഹത്തിന് ഒരു മാസം മുൻപ് ഗസ്സയിലുള്ള അബു അമ്രയുടെ അഞ്ചംഗ കുടുംബത്തിനായി ലോറ ഓൺലൈൻ വഴി ഫണ്ട് സമാഹരിച്ചു നൽകി. ഈ സഹായത്തിന് നന്ദി പറയാൻ അബു അമ്ര ലോറയെ ഫോണിൽ വിളിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടത്.
ഒരു അമേരിക്കൻ പൗരനെന്ന നിലയിൽ ജനിച്ചപ്പോൾ തന്നെ തനിക്ക് ലഭിച്ച പാസ്‌പോർട്ടും ചില പ്രത്യേക അധികാരങ്ങളുമുണ്ടെന്നും, അത് ഉപയോഗിച്ച് മറ്റുള്ളവർക്കും തുല്യമായ ജീവിതാവസ്ഥ ഉറപ്പാക്കാൻ ശ്രമിച്ചില്ലെങ്കിൽ പിന്നെ ഈ ലോകത്ത് ജീവിക്കുന്നതിൽ എന്താണ് അർത്ഥമെന്നും ലോറ വെബിനാറിൽ ചോദിച്ചു. കോഡ്പിങ്ക് പ്രവർത്തകയായ മാർസി വിനോഗ്രാഡ് അടക്കമുള്ളവർ ലോറയുടെ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് യൂറ്റാ സ്റ്റേറ്റിലെ ഓൺലൈൻ മാര്യേജ് സംവിധാനം വഴിയായിരുന്നു ഇരുവരുടെയും വിവാഹം. സാധുവായ തിരിച്ചറിയൽ രേഖകളും രണ്ട് സാക്ഷികളും കൗണ്ടി മാര്യേജ് ലൈസൻസും ഉണ്ടെങ്കിൽ വെർച്വൽ ആയി വിവാഹം കഴിക്കാൻ അനുവദിക്കുന്ന യൂറ്റയിലെ നിയമമാണ് ലോറ ഇതിനായി പ്രയോജനപ്പെടുത്തിയത്.
അമേരിക്കൻ പൗരത്വം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഒരാളെ വിവാഹം കഴിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് ഇമിഗ്രേഷൻ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ലോറയുടെ ഈ വെളിപ്പെടുത്തൽ ഫെഡറൽ അന്വേഷണത്തിന് കാരണമായേക്കാം. അമേരിക്കൻ ഫെഡറൽ നിയമപ്രകാരം, സ്ഥിരതാമസ രേഖയായ ഗ്രീൻ കാർഡ് ലഭിക്കുന്നതിനായി വിവാഹം കഴിക്കുന്നത് അഞ്ച് വർഷം വരെ തടവും രണ്ടര ലക്ഷം ഡോളർ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ഈ നിയമക്കുരുക്ക് ഇരുവരുടെയും ഭാവിയെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.