21/07/2026
[fontresizer_tawhidurrahmandear_widget]

ചാറ്റ്ജിപിടി ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കി ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർ; വീഡിയോ വൈറലായതോടെ അഭിനന്ദനവുമായി ഓപ്പൺ എഐ

 ചാറ്റ്ജിപിടി ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കി ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർ; വീഡിയോ വൈറലായതോടെ അഭിനന്ദനവുമായി ഓപ്പൺ എഐ

ബെംഗളൂരു: സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കൾ ഏതെങ്കിലും പ്രത്യേക തൊഴിൽ മേഖലയിൽ മാത്രം ഒതുങ്ങുന്നവരല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഈ ഡ്രൈവർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരിക്കുകയാണ്. ഒരു കണ്ടന്റ് ക്രിയേറ്ററുമായുള്ള യാത്രയ്ക്കിടെ ഇദ്ദേഹം നടത്തിയ സംഭാഷണമാണ് ഇന്റർനെറ്റിൽ വൈറലായത്. പഠനത്തിനും ദൈനംദിന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾക്കുമായി താൻ പതിവായി ചാറ്റ്ജിപിടിയെ ആശ്രയിക്കാറുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിച്ച് കന്നഡ ഭാഷയിൽ മറുപടി സ്വീകരിക്കുകയാണ് തന്റെ രീതിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മാസങ്ങൾക്ക് മുൻപ് നടത്തിയ സംഭാഷണങ്ങൾ പോലും കൃത്യമായി ഓർത്തെടുത്ത് മറുപടി നൽകാനുള്ള ചാറ്റ്ജിപിടിയുടെ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭാഷണത്തിനിടെ ചാറ്റ്ബോട്ടിന്റെ വോയ്‌സ് ഫീച്ചറിനെക്കുറിച്ച് മനസ്സിലാക്കിയ ഡ്രൈവർ അത് തത്സമയം പരീക്ഷിച്ച് നോക്കി. എഐ തന്നോട് കന്നഡയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ അദ്ദേഹം വലിയ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. സാങ്കേതികവിദ്യ എത്രത്തോളം സാധാരണക്കാരുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വീഡിയോയെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐ, തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ ഓട്ടോ ഡ്രൈവർക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ അനുഭവം പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഓപ്പൺ എഐ കന്നഡ ഭാഷയിൽ തന്നെ മറുപടി നൽകിയതും വലിയ ശ്രദ്ധ നേടി.

Also read: