06/09/2026
[fontresizer_tawhidurrahmandear_widget]

ഭാര്യക്കും ഭാര്യാപിതാവിനുമെതിരെ മതപരിവർത്തനത്തിന് കേസ്; പിന്നാലെ ഇസ്‌ലാം ഉപേക്ഷിച്ച് ആയുഷ് മാലിക് വീണ്ടും ഹിന്ദു മതത്തിലേക്ക്

 ഭാര്യക്കും ഭാര്യാപിതാവിനുമെതിരെ മതപരിവർത്തനത്തിന് കേസ്; പിന്നാലെ ഇസ്‌ലാം ഉപേക്ഷിച്ച് ആയുഷ് മാലിക് വീണ്ടും ഹിന്ദു മതത്തിലേക്ക്

ലക്ക്നൗ: ഉത്തർപ്രദേശിൽ പ്രണയിച്ച മുസ്‌ലിം യുവതിയെ വിവാഹം കഴിക്കാനായി ഇസ്‌ലാം മതം സ്വീകരിച്ചെന്നാരോപിക്കപ്പെട്ട ആയുഷ് മാലിക് എന്ന യുവാവ് വീണ്ടും ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തി. പ്രണയിച്ച യുവതിയെ സ്വന്തമാക്കാനാണ് താൻ മതം മാറിയതെന്നും, എന്നാൽ തന്റെ തീരുമാനം മാതാപിതാക്കളെ വല്ലാതെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞാണ് തിരികെ വരുന്നതെന്നും ആയുഷ് വ്യക്തമാക്കി.

മതംമാറ്റവുമായി ബന്ധപ്പെട്ട് ആയുഷിന്റെ പിതാവും വ്യവസായിയുമായ ദേവരാജ് മാലിക് നൽകിയ പരാതിയിൽ ആയുഷിന്റെ ഭാര്യ ചാന്ദ്നി ഖുറൈശിയെയും അവരുടെ പിതാവ് ഇസ്‌ലാം ഖുറൈശിയെയും ഉത്തർപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മകനെ പ്രണയക്കുരുക്കിൽ പെടുത്തിയതാണെന്നും, കുടുംബ സ്വത്ത് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് മതപരിവർത്തനത്തിന് പിന്നിലെന്നുമായിരുന്നു പിതാവിന്റെ ആരോപണം. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരമായിരുന്നു പോലീസിന്റെ നടപടി.

എന്നാൽ, തന്നെ ആരും നിർബന്ധിച്ചോ ബ്രെയിൻവാഷ് ചെയ്തോ മതം മാറ്റിയതല്ലെന്നായിരുന്നു ആയുഷ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ചെറുപ്പം മുതലേ ഇസ്ലാമിനോട് താല്പര്യമുണ്ടായിരുന്നുവെന്നും സ്വമേധയാ എടുത്ത തീരുമാനമാണെന്നുമായിരുന്നു ആയുഷിന്റെ മുൻ നിലപാട്. കുടുംബസ്വത്തിൽ തനിക്ക് താല്പര്യമില്ലെന്നും തനിക്കുള്ള എല്ലാ അവകാശങ്ങളും അമ്മയ്ക്കും സഹോദരിമാർക്കുമായി നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ആയുഷ് വീണ്ടും ഹൈന്ദവ ആചാരങ്ങളിലേക്ക് മടങ്ങിയത്.

വീട്ടിലെ പൂജാകർമ്മങ്ങളിൽ പങ്കെടുക്കുന്ന ആയുഷിന്റെ പുതിയ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തന്റെ തെറ്റിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതും, ഇനി കുടുംബത്തോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. യോഗ സാധന ആശ്രമത്തിലെ യശ്വീർ മഹാരാജും ആയുഷ് ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിയ കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ മതംമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ കേസ് നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

Also read: