22/07/2026
[fontresizer_tawhidurrahmandear_widget]

‘മാപ്പെഴുതി നൽകി’; ശ്രീശാന്തിനെതിരായ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

 ‘മാപ്പെഴുതി നൽകി’; ശ്രീശാന്തിനെതിരായ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്. ശ്രീശാന്തിനെതിരെ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പിൻവലിച്ചു. കെ.സി.എയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലായിരുന്നു താരത്തിന് വിലക്ക് നേരിടേണ്ടി വന്നത്. നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ശ്രീശാന്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം മാപ്പെഴുതി നൽകിയതായി കെ.സി.എ അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബുധനാഴ്ച ചേർന്ന കെ.സി.എ ജനറൽ ബോഡി യോഗത്തിൽ ഈ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്യുകയും തുടർന്ന് വിലക്ക് പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

കഴിഞ്ഞ വർഷം നടന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം സീസണിന് തൊട്ടുമുൻപായാണ് ശ്രീശാന്തിനെതിരെ കെ.സി.എ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാൽ പുതിയ തീരുമാനത്തോടെ കെ.സി.എല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായ ശ്രീശാന്തിന് വീണ്ടും ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരമൊരുങ്ങി. വരാനിരിക്കുന്ന കെ.സി.എൽ മൂന്നാം സീസണിൽ ടീമിനൊപ്പം സജീവമായി പങ്കെടുക്കാൻ ഇനി അദ്ദേഹത്തിന് യാതൊരു തടസ്സങ്ങളുമുണ്ടാകില്ല. കെ.സി.എൽ പ്രഥമ സീസണിലെ ചാമ്പ്യന്മാരാണ് ഏരീസ് കൊല്ലം സെയിലേഴ്സ്.

Also read: