18/08/2026
[fontresizer_tawhidurrahmandear_widget]

ബിറ്റ്‌കോയിൻ ‘തട്ടിപ്പെന്ന്’ പറഞ്ഞ ട്രംപിന് ക്രിപ്റ്റോ ഇടപാടിലൂടെ മാത്രം ലഭിച്ചത് 100 കോടി ഡോളറിലധികം; പുതിയ സാമ്പത്തിക റിപ്പോർട്ട് പുറത്ത്

 ബിറ്റ്‌കോയിൻ ‘തട്ടിപ്പെന്ന്’ പറഞ്ഞ ട്രംപിന് ക്രിപ്റ്റോ ഇടപാടിലൂടെ മാത്രം ലഭിച്ചത് 100 കോടി ഡോളറിലധികം; പുതിയ സാമ്പത്തിക റിപ്പോർട്ട് പുറത്ത്

വാഷിങ്ടൺ: മുമ്പ് ബിറ്റ്കോയിനെ ‘തട്ടിപ്പ്’ എന്ന് വിശേഷിപ്പിച്ചിരുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ക്രിപ്റ്റോകറൻസി ഇടപാടുകളിലൂടെ മാത്രം സമ്പാദിച്ചത് 100 കോടി ഡോളറിലധികം. പ്രസിഡന്റായി രണ്ടാം തവണയും സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി 2025-ൽ പുറത്തുവിട്ട അദ്ദേഹത്തിന്റെ പുതിയ സാമ്പത്തിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ട്രംപ് പുറത്തിറക്കിയ മെമെ കോയിനിൽ (Meme coin) നിന്നുള്ള റോയൽറ്റി ഇനത്തിൽ മാത്രം അദ്ദേഹത്തിന് 63.5 കോടി ഡോളർ ലഭിച്ചു. ഇതിനുപുറമെ, ട്രംപിന്റെയും അദ്ദേഹത്തിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫിൻ്റെയും മക്കൾ ചേർന്ന് ആരംഭിച്ച വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന ക്രിപ്റ്റോകറൻസി സംരംഭത്തിൽ നിന്നും 50 കോടി ഡോളറിലധികം വരുമാനമാണ് അദ്ദേഹം നേടിയത്.

ക്രിപ്റ്റോയ്ക്ക് പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നും വൻ ലാഭമാണ് ട്രംപ് സ്വന്തമാക്കിയത്. ഫ്ലോറിഡ ഡോറലിലുള്ള ഗോൾഫ് ക്ലബ്ബിൽ നിന്ന് 12.2 കോടി ഡോളറും, മാർ-എ-ലാഗോ ക്ലബ്ബിൽ നിന്ന് 7.7 കോടി ഡോളറും വരുമാനം ലഭിച്ചു. ട്രംപ് ബ്രാൻഡിൽ ഇറങ്ങിയ വാച്ചുകൾ (4.7 ദശലക്ഷം ഡോളർ), ബൈബിളുകൾ, ഷൂസുകൾ, പെർഫ്യൂമുകൾ എന്നിവ വിറ്റഴിച്ചതിലൂടെയും ദശലക്ഷക്കണക്കിന് ഡോളർ അദ്ദേഹം സമ്പാദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ വിവിധ നിയമനടപടികളുമായി ബന്ധപ്പെട്ട ഒത്തുതീർപ്പുകളിലൂടെ ഏകദേശം 8.65 കോടി ഡോളറും ട്രംപിന് ലഭിച്ചിട്ടുണ്ട്. മെറ്റ, യൂട്യൂബ്, എക്‌സ്‌ തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള തുകകളും ഇതിൽ ഉൾപ്പെടുന്നു. പ്രഥമ വനിത മെലാനിയ ട്രംപും കോടികളുടെ വരുമാനം സ്വന്തമാക്കിയിട്ടുണ്ട്. ഡോക്യുമെൻ്ററിയുടെ ലൈസൻസ് കരാറിലൂടെ 1.07 കോടി ഡോളറും, എൻഎഫ്‌ടി വിൽപനയിലൂടെ 60 ലക്ഷം ഡോളറുമാണ് അവർ സമ്പാദിച്ചത്.

അതേസമയം, പ്രസിഡൻ്റ് പദവി ഉപയോഗിച്ച് ട്രംപ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങൾ വൈറ്റ് ഹൗസ് ശക്തമായി നിഷേധിച്ചു. ട്രംപ് തൻ്റെ ബിസിനസ്സ് സ്ഥാപനങ്ങളുടെ പൂർണ്ണ ചുമതലകൾ മക്കൾക്ക് കൈമാറിയെന്നും, അവരത് ഒരു ട്രസ്റ്റ് വഴിയാണ് നിയന്ത്രിക്കുന്നതെന്നും വൈറ്റ്ഹൗസ് ആവർത്തിച്ചു. ഒരിക്കൽ ക്രിപ്റ്റോകറൻസിയെ തള്ളിപ്പറഞ്ഞ ട്രംപ്, പിന്നീട് അമേരിക്കയെ ലോകത്തിൻ്റെ ‘ക്രിപ്റ്റോ തലസ്ഥാനം’ ആക്കി മാറ്റുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ക്രിപ്റ്റോ സമ്പാദ്യത്തിന്റെ വിവരങ്ങളും പുറത്തുവരുന്നത്.

Also read: