ചെറിയ മീനല്ല കേപ് വെർദെ! മെസ്സിയെയും സംഘത്തെയും വെള്ളം കുടിപ്പിച്ച പോരാട്ടം; എക്സ്ട്രാ ടൈമിൽ വിയർത്തുജയിച്ച് അർജന്റീന
ഈ വേൾഡ്കപ്പിൽ ഒരു ടെൻഷനുമില്ലാതെ കളി കാണാം എന്നായിരുന്നു അർജൻ്റീനാ ആരാധകരുടെ പക്ഷം. പക്ഷേ ഇന്നത്തെ രാവ് അതെല്ലാം മാറ്റിമറിച്ചു. കേപ് വെർദെയുമായുള്ള ആദ്യ നോക്കൗട്ട് മത്സരത്തിൽ അർജൻ്റീനാ ആരാധകർ ഭയത്തിൻ്റെയും ആശങ്കകളുടെയും കൊടുമുടി കേറിയിരുന്നു. മുഴുവൻ സമയവും കഴിഞ്ഞ് എക്സട്രാ ടൈമിലേക്ക് നീങ്ങിയ മത്സരം മുഴുവൻ ആരാധകർക്കും ആധി കേറ്റി. മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നാൽ പോലും അർജൻ്റീനക്ക് ജയം സാധ്യമാവുമോ എന്ന സംശയം എല്ലാവരിലുമുണ്ടായിരുന്നു. കാരണം ഒറ്റ പേരായിരുന്നു. 40കാരനായ വൊസീന്യ, മത്സരത്തിന്റെ യഥാർത്ഥ ഹൈലൈറ്റ് അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിയും കാബോ വെർദെയുടെ 40-കാരനായ ഗോൾകീപ്പർ വൊസിന്യയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം തന്നെയായിരുന്നു.
ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് കേപ് വെർദെ എന്ന ആഫ്രിക്കൻ രാജ്യത്തെക്കുറിച്ച് എത്രപേർക്കറിയാമായിരുന്നു? ടൂർണമെന്റ്റിലെ ഏറ്റവും ചെറിയ രാഷ്ട്രമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട കുറാസോയ്ക്ക് ലഭിച്ച മാധ്യമശ്രദ്ധ പോലും ഈ കൊച്ചുരാജ്യത്തിന് കിട്ടിയിരുന്നില്ല. എന്നാൽ, തങ്ങളുടെ കന്നി ലോകകപ്പിലെ ആദ്യ മത്സരത്തിൽത്തന്നെ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച് അവർ ലോകത്തെ ഞെട്ടിച്ചു. അതോടെ ഫുട്ബോൾ ലോകത്തിൻ്റെ കണ്ണുകൾ മുഴുവൻ കേപ് വെർദെയിലേക്കായി.
മയാമിയിൽ നടന്നത് ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ തന്നെ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ഒരു ത്രില്ലർ പോരാട്ടമാണ്. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും 64-ാം സ്ഥാനത്തുള്ള കൊച്ചുരാജ്യമായ കാബോ വെർദെയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇത്രയും വലിയൊരു ആവേശം ലോകം പ്രതീക്ഷിച്ചിരുന്നില്ല. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അർജന്റീന പ്രീക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും, അവസാന സെക്കൻഡ് വരെ പൊരുതി ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കിയാണ് കേപ് വെർദെ മടങ്ങുന്നത്.
കളിക്കളത്തിൽ അവിശ്വസനീയമായ സേവുകളുമായാണ് വൊസിന്യ സാക്ഷാൽ മെസ്സിയെ വിറപ്പിച്ചത്. മത്സരത്തിൽ ആകെ എട്ട് ഗംഭീര സേവുകളാണ് വൊസിന്യ നടത്തിയത്. അതിൽ നാലും മെസ്സിയുടെ ഉറപ്പായ ഗോളുകളായിരുന്നു. ബോക്സിനുള്ളിൽ നിന്നും മെസ്സിയെടുത്ത തകർപ്പൻ വലംകാൽ ഷോട്ടും, പോസ്റ്റിന്റെ വലത് കോണിലേക്ക് വളഞ്ഞിറങ്ങിയ ഫ്രീകിക്കും അദ്ദേഹം അസാമാന്യ മെയ്‌വഴക്കത്തോടെയാണ് തട്ടിയകറ്റിയത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് മുന്നിൽപ്പോലും ഒട്ടും പതറാതെ പന്ത് കൈകാര്യം ചെയ്ത ഗോൾമുഖത്തെ വൊസിന്യയുടെ ശാന്തത കേപ് വെർദെയ്ക്ക് വലിയ കരുത്തായി.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ലിസാൻഡ്രോ മാർട്ടിനസ് പ്രതിരോധ നിരയ്ക്കു മുകളിലൂടെ നൽകിയ പാസ് സ്വീകരിച്ച്, വൊസിന്യയ്ക്ക് ചിന്തിക്കാൻ പോലും സമയം നൽകാതെ മെസ്സി പന്ത് വലയിലെത്തിച്ചു. 2018ൽ നൈജീരിയക്കെതിരെ മെസ്സി നേടിയ ഗോളിൻ്റെ തനിയാവർത്തനം. ഇതോടെ ലോകകപ്പിൽ 20 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും മെസ്സി സ്വന്തമാക്കി.
എന്നാൽ രണ്ടാം പകുതിയിൽ കേപ് വെർദെ അർജന്റീനയെ ശരിക്കും ഞെട്ടിച്ചു. 59-ാം മിനിറ്റിൽ റയാൻ മെൻഡസിന്റെ പാസിൽ നിന്ന് ഡെറോയ് ഡുവാർത്തെ എമിലിയാനോ മാർട്ടിനസിനെ കീഴടക്കി സമനില ഗോൾ നേടി. സമനില വഴങ്ങിയതോടെ അർജന്റീന ആക്രമണം കടുപ്പിച്ചെങ്കിലും വൊസിന്യ എന്ന കോട്ടയ്ക്ക് മുന്നിൽ അർജന്റൈൻ മുന്നേറ്റനിരയ്ക്ക് പലപ്പോഴും പിഴച്ചു. എട്ട് മിനിറ്റ് ഇൻജുറി ടൈമും അവസാനിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ 92-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് അതിവേഗ നീക്കത്തിലൂടെ ലിസാൻഡ്രോ മാർട്ടിനസ് ലക്ഷ്യത്തിലെത്തിച്ചു . എന്നാൽ കേപ് വെർദെ തോൽവി സമ്മതിക്കാൻ അപ്പോഴും തയ്യാറായിരുന്നില്ല. 103-ാം മിനിറ്റിൽ സിഡ്‌നി ലോപസ് കബ്രാളിലൂടെ അവർ വീണ്ടും സമനില പിടിച്ചു. ഇടതു വിങ്ങിലൂടെ പന്തുമായി അർജൻ്റീന ബോക്‌സിലേക്കു കയറിയ കബ്രാൾ, ഡിബു മാർട്ടിനസിൻ്റെ സാധ്യതകൾ ഇല്ലാതാക്കി വലയുടെ ടോപ് കോർണറിലേക്ക് ലക്ഷ്യമിട്ടു. ഈ ടൂർണമെൻ്റിലെ തന്നെ ബെസ്റ്റ് ഗോൾ. ഒടുവിൽ 111-ാം മിനിറ്റിൽ മെസ്സി എടുത്ത കോർണർ കിക്ക് റൊമേറോ വലയിലേക്ക് തലവെച്ചു, പ്രതിരോധിക്കുന്നതിനിടെ കാപ് വെർദെ താരം ഡിനെ ബോർജസിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് അർജന്റീനയ്ക്ക് ആശ്വാസമായത്. എക്സ്ട്രാ ടൈമിൻ്റെ അവസാനങ്ങളിൽ പോലും കേപ് വെർദെ തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു. കളിയൊന്ന് തീർന്നു കിട്ടിയാൽ മതിയെന്നായി ആരാധകർക്ക്.
പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ആധിപത്യം പുലർത്തിയെങ്കിലും, ഫൈനൽ തേർഡിൽ കാപ് വെർദെ ഉയർത്തിയ വെല്ലുവിളി നിലവിലെ ലോക ചാമ്പ്യന്മാർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഒരു ഗോളടിച്ചാൽ തിരിച്ച് ഗോളടിക്കുന്ന കേപ് വെർദെയുടെ പോരാട്ടവീര്യം ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. വീരോചിതമായ തോൽവി ഏറ്റുവാങ്ങി കേപ് വെർദെ ടൂർണമെൻ്റിൽ നിന്ന് വിട പറയുമ്പോൾ, ഫുട്ബോൾ ലോകത്തിൻ്റെ മുഴുവൻ പ്രീതി നേടിയാണ് അവർ മടങ്ങുന്നത്.