‘അർജന്റീനയെ ഒരു ഗോളിന് അട്ടിമറിക്കും, ഞങ്ങൾ ഇറങ്ങുന്നത് ജയിക്കാൻ മാത്രം’; മെസിക്കും സംഘത്തിനും മുന്നറിയിപ്പുമായി കേപ് വെർഡെ പ്രസിഡൻ്റ്
ന്യൂയോർക്ക്: ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ലോക ചാമ്പ്യന്മാരായ അർജന്റീനയെ നോക്കൗട്ട് പോരാട്ടത്തിൽ അട്ടിമറിക്കുമെന്ന വമ്പൻ പ്രഖ്യാപനവുമായി കേപ് വെർഡെ പ്രസിഡൻ്റ് ജോസ് മരിയ നെവെസ്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മറുപടിയില്ലാത്ത ഒരു ഗോളിന് തങ്ങൾ അർജന്റീനയെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടത്. തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് കേപ് വെർഡെ.
സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ തുടങ്ങിയ വമ്പൻ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും പരാജയമറിയാതെ നോക്കൗട്ടിലെത്തിയ അവർ ഈ ലോകകപ്പിലെ കറുത്ത കുതിരകളായാണ് ഇതിനോടകം വിലയിരുത്തപ്പെടുന്നത്. മികച്ച ഫോമിലുള്ള ടീമിന്റെ ആത്മവിശ്വാസം വാനോളമാണെന്നും, കണക്കുകൾക്കപ്പുറം അവരുടെ പോരാട്ടവീര്യത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
മൈതാനത്തിറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമാണെന്നും, ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്താൻ കേപ് വെർഡെയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും ജോസ് മരിയ നെവെസ് പറഞ്ഞു. ഇത്തവണ അർജൻറീനയ്ക്കെതിരെ 100 ശതമാനവും വിജയമുറപ്പാണെന്നും, ചാമ്പ്യന്മാരെ നേരിട്ട് ചരിത്രം മാറ്റിയെഴുതാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരഫലം എന്തുതന്നെയായാലും വലിയൊരു ലക്ഷ്യം പൂർത്തിയാക്കിയതിന്റെ സംതൃപ്തിയോടെ തലയുയർത്തിത്തന്നെയാകും തങ്ങളുടെ ടീം മടങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പുറമെ തങ്ങൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് പറഞ്ഞ് പരിശീലകൻ പെഡ്രോ ലെയ്റ്റാവോ ബ്രിട്ടോയും ടീമിന്റെ ആത്മവിശ്വാസം പങ്കുവെച്ചു. ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള അർജൻ്റീനയും ആഫ്രിക്കൻ കരുത്തരായ കേപ് വെർഡെയും തമ്മിലുള്ള ഈ തീപ്പൊരി പോരാട്ടം ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 3.30-ന് മിയാമിയിലാണ് അരങ്ങേറുന്നത്. ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നത്.