‘രാജ്യത്തിനായി ബൂട്ടുകെട്ടുന്നത് പണത്തിനല്ല; ഫ്രഞ്ച് ടീമിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും എടുക്കാറില്ല’; മുഴുവൻ പാവപ്പെട്ടവർക്ക് നൽകുന്ന എംബാപ്പെ
ന്യൂയോർക്ക്: കളിക്കളത്തിലെ അവിശ്വസനീയമായ വേഗതകൊണ്ടും ഗോളടി മികവുകൊണ്ടും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുന്ന ഫ്രഞ്ച് നായകനാണ് കിലിയൻ എംബാപ്പെ. റയൽ മാഡ്രിഡിന്റെ ഈ സൂപ്പർ സ്ട്രൈക്കർ കളിക്കളത്തിന് പുറത്ത് കാരുണ്യത്തിന്റെ വലിയൊരു മാതൃക കൂടിയാണെന്ന കാര്യം പല ആരാധകർക്കും അറിയില്ല. 2018 മുതൽ ഫ്രാൻസ് ദേശീയ ടീമിനായി കളിക്കുമ്പോൾ ലഭിക്കുന്ന മാച്ച് ഫീസോ മറ്റ് ബോണസുകളോ എംബാപ്പെ സ്വന്തം ആവശ്യങ്ങൾക്കായി എടുക്കാറില്ല എന്നതാണ് കായികലോകത്തെ അമ്പരപ്പിക്കുന്ന യാഥാർഥ്യം.
ദേശീയ ടീമിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാതെ, ആ തുക മുഴുവൻ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുകയാണ് എംബാപ്പെ ചെയ്യുന്നത്. ഗുരുതരമായ രോഗങ്ങളോട് പൊരുതി ആശുപത്രികളിൽ കഴിയുന്ന നിർധനരായ കുട്ടികളുടെ ചികിത്സയ്ക്കും ക്ഷേമത്തിനുമായാണ് ഈ തുകയുടെ സിംഹഭാഗവും അദ്ദേഹം എത്തിക്കുന്നത്.
2018-ൽ ഫ്രാൻസ് ലോകകിരീടം സ്വന്തമാക്കിയപ്പോൾ എംബാപ്പെയ്ക്ക് ബോണസായി ലഭിച്ചത് 3.5 കോടിയിലധികം രൂപയായിരുന്നു. ഈ വൻ തുക മുഴുവൻ സന്നദ്ധ സംഘടനകൾക്ക് നൽകി താരം ഏവരെയും ഞെട്ടിച്ചു. ആ വർഷം തന്നെ മാരക രോഗം ബാധിച്ച ഒരു കുഞ്ഞിന്റെ അടിയന്തര ചികിത്സയ്ക്കായി വലിയൊരു തുകയും അദ്ദേഹം സ്വന്തം നിലയിൽ നൽകിയിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ, ഫ്രഞ്ച് ടീമിലെ സപ്പോർട്ട് സ്റ്റാഫിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചേർത്തുപിടിക്കുന്നതിലും എംബാപ്പെ ശ്രദ്ധേയനാണ്. ഇവർക്ക് സ്വന്തം ചെലവിൽ വിലപിടിപ്പുള്ള പാരിതോഷികങ്ങൾ അദ്ദേഹം പതിവായി നൽകാറുണ്ട്. “രാജ്യത്തിനായി കളിക്കുന്നത് സാമ്പത്തിക ലാഭത്തിനല്ല, മറിച്ച് രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൊണ്ടാണ്. അതിനാൽ ഈ പണം എനിക്ക് ആവശ്യമില്ല” എന്നാണ് എംബാപ്പെ ഇതിനെക്കുറിച്ച് മുൻപ് വ്യക്തമാക്കിയിട്ടുള്ളത്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ നിന്ന് കോടികൾ പ്രതിഫലം വാങ്ങുമ്പോഴും, ഫ്രാൻസിന്റെ ജേഴ്സിയിൽ ലഭിക്കുന്ന പണം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച് കളിക്കളത്തിന് പുറത്തും യഥാർത്ഥ ഹീറോയാവുകയാണ് ഈ ഫ്രഞ്ച് പടത്തലവൻ.