ഹെഡ്ലൈറ്റില്ല; മൊബൈല്‍ ഫ്ലാഷ് ഓണാക്കി കണ്ടക്ടര്‍; നിറയെ യാത്രക്കാരുമായി ബസിന്റെ അപകട യാത്ര
കർണാടക: കർണാടകയിൽ ഹെഡ്ലൈറ്റ് പണിമുടക്കിയതിനെ തുടർന്ന് മൊബൈൽ ഫോൺ ഫ്ലാഷിന്റെ വെളിച്ചത്തിൽ സർക്കാർ ബസിന്റെ അപകടയാത്ര. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ.കെ.ആർ.ടി.സി) ബസാണ് നിറയെ യാത്രക്കാരുമായി കിലോമീറ്ററുകളോളം രാത്രിയിൽ സർവീസ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കൽബുർഗിയിൽ നിന്നും ചിഞ്ചോളിയിലേക്ക് പോവുകയായിരുന്ന ബസിലാണ് യാത്രക്കാർക്ക് ഈ ദുരനുഭവമുണ്ടായത്. ഈ റൂട്ടിലെ അവസാന സർവീസായിരുന്നു ഇത്. ഏകദേശം 90 കിലോമീറ്ററോളം ദൂരമുള്ള യാത്രയിൽ ഏത് ഘട്ടത്തിലാണ് ബസിന്റെ ലൈറ്റ് തകരാറിലായതെന്ന് വ്യക്തമല്ല.
കൂരിരുട്ട് നിറഞ്ഞ റോഡിലൂടെ ഡ്രൈവർ ബസ് ഓടിക്കുമ്പോൾ, മുൻവശത്ത് നിന്നുകൊണ്ട് കണ്ടക്ടർ മൊബൈൽ ഫ്ലാഷ് അടിച്ച് വഴി കാണിച്ചുകൊടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചിഞ്ചോളി ഭാഗത്തേക്കുള്ള അന്നത്തെ അവസാനത്തെ ബസായതിനാൽ മറ്റ് യാത്രാമാർഗ്ഗങ്ങളില്ലാതെ യാത്രക്കാർക്ക് ഗത്യന്തരമില്ലാതെ ഈ അപകടയാത്ര തുടരേണ്ടി വരികയായിരുന്നു. യാത്രാസുരക്ഷയ്ക്ക് യാതൊരു വിലയും കൽപ്പിക്കാതെയുള്ള ജീവനക്കാരുടെ ഈ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.