ഒരു സിനിമയെ ഭരണകൂടം ഇത്രയധികം ഭയക്കുന്നതെന്തിന്? ഒടിടിയിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പിൻവലിച്ചു; ദിൽജിത്തിന്റെ ‘സത്ലജ്’ സിനിമ പറയുന്നത് ആരുടെ കഥ?
ന്യൂഡൽഹി: വർഷങ്ങളോളം സെൻസർ വിവാദങ്ങളിൽ കുടുങ്ങിക്കിടന്ന ദിൽജിത് ദോസാഞ്ജിന്റെ ‘സത്ലജ്’ എന്ന ചിത്രം വീണ്ടും പ്രതിസന്ധിയിൽ. ജൂലൈ മൂന്നിന് സീ5 ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ചിത്രം വെറും രണ്ട് ദിവസങ്ങൾക്കകം ഇന്ത്യയിൽ നിന്ന് പിൻവലിച്ചതാണ് ഇപ്പോൾ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. ചിത്രം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും, സീ5 ഗ്ലോബൽ വഴി വിദേശ രാജ്യങ്ങളിൽ ഇപ്പോഴും സ്ട്രീമിങ് തുടരുന്നുണ്ട്. മുൻപ് ‘പഞ്ചാബ് 95’ എന്ന പേരിലായിരുന്ന ഈ ചിത്രത്തിന് തുടക്കം മുതൽ വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്.
മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സത്ലജ്. 1990-കളിലെ പഞ്ചാബിൽ നടന്നതായി ആരോപിക്കപ്പെടുന്ന നിയമവിരുദ്ധ കൊലപാതകങ്ങളും രഹസ്യ ദഹനങ്ങളും പുറത്തുകൊണ്ടുവന്ന ഖൽറയുടെ പോരാട്ടമാണ് സിനിമയുടെ പ്രധാന പ്രമേയം. ആദ്യം ‘ഘല്ലുഘര’ എന്നും പിന്നീട് ‘പഞ്ചാബ് 95’ എന്ന പേരിലുമായിരുന്ന ചിത്രം 2022-ൽ സെൻസർ ബോർഡിന് സമർപ്പിച്ചിരുന്നു. എന്നാൽ 120-ലേറെ തിരുത്തലുകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് റിലീസ് വർഷങ്ങളോളം നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ പേര്, പഞ്ചാബുമായി ബന്ധപ്പെട്ട പരാമർശങ്ങൾ, യഥാർത്ഥ കഥാപാത്രത്തിന്റെ തിരിച്ചറിയൽ തുടങ്ങിയവയിൽ മാറ്റങ്ങൾ വരുത്താനായിരുന്നു അന്ന് സെൻസർ ബോർഡ് നിർദേശിച്ചത്.
തിയേറ്റർ റിലീസ് ലഭിക്കാതിരുന്ന ചിത്രം ഒടുവിൽ ‘സത്ലജ്’ എന്ന പേരിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നേരിട്ട് ഒടിടിയിൽ എത്തുകയായിരുന്നു. എന്നാൽ റിലീസായി രണ്ട് ദിവസം പിന്നിടുംമുമ്പേ ചിത്രം ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തതോടെ സീ5 ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. നിലവിലെ ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രം ഇന്ത്യയിൽ താൽക്കാലികമായി ലഭ്യമാകില്ലെന്നും, നിയമപരമായ എല്ലാ മാർഗങ്ങളും സ്വീകരിച്ച് ചിത്രം എത്രയും വേഗം തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ചിത്രത്തിൻറെ സൃഷ്‌ടിപരമായ കാഴ്‌ചപ്പാടിനും അണിയറപ്രവർത്തകർക്കുമൊപ്പമാണ് തങ്ങളെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രത്തിന് ലഭിച്ച മികച്ച സ്വീകരണത്തിന് പ്രേക്ഷകരോട് നന്ദി അറിയിക്കുന്നതായും കമ്പനി കൂട്ടിച്ചേർത്തു.
സിനിമ പിൻവലിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. സത്ലജ് ഒരു സിനിമ മാത്രമല്ലെന്നും ചരിത്രത്തിലെ ഒരു നിർണായക അധ്യായത്തിന്റെ ശക്തമായ ദൃശ്യാവിഷ്കാരമാണെന്നും ഒടിടിയിൽ നിന്ന് നീക്കിയാലും ആ കഥ ജനങ്ങളുടെ മനസ്സിൽ നിന്ന് മായില്ലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്തരം യഥാർത്ഥ കഥകൾ കാണാനുള്ള അവകാശം പ്രേക്ഷകർക്കുണ്ടെന്നും നെറ്റിസൺസ് പ്രതികരിച്ചു. ചിത്രം നീക്കം ചെയ്‌തതിന് പിന്നാലെ നായകൻ ദിൽജിത് ദോസാഞ്ജും സോഷ്യൽ മീഡിയയിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ഇരുട്ടിനെ താൻ വെല്ലുവിളിക്കുന്നുവെന്നും, ഖൽറാ സാബിന് സംഭവിച്ചതുപോലെ തന്നെയാണ് സത്ലജിനും സംഭവിച്ചത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഹണി ത്രേഹാൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ അർജുൻ റാംപാൽ, കൻവൽജീത് സിങ്, സുവീന്ദർ വിക്കി, ഗീതിക വിദ്യ ഓഹ്ല്യാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിയമപരമായ കടമ്പകൾ കടന്ന് സിനിമ ഇന്ത്യയിൽ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.