21/07/2026
[fontresizer_tawhidurrahmandear_widget]

നോർവേക്കെതിരെ ഇംഗ്ലണ്ടിന്റെ ഗോളിൽ വിവാദം; പന്ത് ക്യാമറ കേബിളിൽ തട്ടിയെന്ന് ആരോപണം, തള്ളി ഫിഫ

 നോർവേക്കെതിരെ ഇംഗ്ലണ്ടിന്റെ ഗോളിൽ വിവാദം; പന്ത് ക്യാമറ കേബിളിൽ തട്ടിയെന്ന് ആരോപണം, തള്ളി ഫിഫ

മയാമി: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചെങ്കിലും, ജൂഡ് ബെല്ലിങ്ഹാം നേടിയ ആദ്യ ഗോളിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ആദ്യ പകുതിയുടെ അധികസമയത്ത് ബെല്ലിങ്ഹാം നേടിയ സമനില ഗോളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. നോർവേ ഗോൾകീപ്പർ ഓറിയൻ നയ്ലാൻഡ് എടുത്ത ഗോൾ കിക്ക് വായുവിൽ വെച്ച് ക്യാമറ കേബിളിൽ തട്ടി ദിശമാറിയെന്നാണ് നോർവേ ആരാധകരുടെയും താരങ്ങളുടെയും പ്രധാന ആരോപണം. പന്തിന്റെ ദിശ പെട്ടെന്ന് മാറിയതോടെ പന്ത് ഇംഗ്ലണ്ട് താരം എലിയറ്റ് ആൻഡേഴ്‌സൻ്റെ കാലുകളിലേക്കെത്തുകയും, അദ്ദേഹം അത് ആന്റണി ഗോർഡന് കൈമാറുകയും ചെയ്തു. ഗോർഡൻ നൽകിയ പാസിൽ നിന്നാണ് ബെല്ലിങ്ഹാം വിവാദ ഗോൾ സ്വന്തമാക്കിയത്.

ഫിഫയുടെ നിയമപ്രകാരം പന്ത് ക്യാമറ കേബിളിൽ തട്ടിയാൽ കളി ഉടൻ നിർത്തിവെക്കുകയും, പിന്നീട് ‘ഡ്രോപ്പ് ബോൾ’ നൽകി മത്സരം പുനരാരംഭിക്കുകയും വേണം. എന്നാൽ ഗോൾ വീണതിന് പിന്നാലെ നോർവേ ഗോൾകീപ്പറും പരിശീലകനും റഫറിയോട് ശക്തമായി പ്രതിഷേധിച്ചെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. പന്ത് കേബിളിൽ തട്ടിയെന്ന ആരോപണം ഉയർന്നതോടെ ഔദ്യോഗിക വിശദീകരണവുമായി ഫിഫ തന്നെ നേരിട്ട് രംഗത്തെത്തി. അത്യാധുനിക ‘കണക്റ്റഡ് ബോൾ ടെക്നോളജി’ ഉപയോഗിച്ച് പരിശോധിച്ചതിൽ പന്ത് വയറിലോ മറ്റ് വസ്‌തുക്കളിലോ തട്ടിയതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് ഫിഫ വ്യക്തമാക്കുന്നത്. പന്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിൽ ഇത്തരം വ്യതിയാനങ്ങളോ സ്പർശനമോ രേഖപ്പെടുത്തിയിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങൾ സഹിതം ഫിഫ ചൂണ്ടിക്കാണിക്കുന്നു. ചില വീഡിയോകളിൽ പന്തിന്റെ ഗതി മാറിയതായി തോന്നുന്നുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ പിൻബലത്തിലാണ് ഫിഫ ഗോൾ ശരിവെച്ചത്.

അതേസമയം, പന്തിന്റെ ഗതി മാറിയത് തങ്ങളുടെ കളിക്കാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് നോർവേ പരിശീലകൻ സോൾബാക്കൻ പറഞ്ഞു. ആകാശത്ത് നിന്ന് പന്ത് പെട്ടെന്ന് താഴേക്ക് വീണത് പോലെയാണ് തോന്നിയതെന്നും, നിർണായക സമയത്താണ് ഈ ദൗർഭാഗ്യം സംഭവിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. എങ്കിലും ഇനി ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഫലം അംഗീകരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീന-ഈജിപ്ത് മത്സരത്തിൽ വലിയ വിമർശനങ്ങൾ നേരിട്ട ജെറോം ബ്രിസാർഡ് ആയിരുന്നു ഈ മത്സരത്തിലും വാർ ചുമതല വഹിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അർജൻ്റീന 3-2 ന് തിരിച്ചടിച്ച് വിജയിച്ചപ്പോൾ, റഫറിയിങ് തികച്ചും അന്യായമായിരുന്നുവെന്ന് ഈജിപ്ത് പരാതിപ്പെട്ടിരുന്നു. ഒടുവിൽ അധികസമയത്തേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിൽ ബെല്ലിങ്ഹാം തന്നെ നേടിയ മറ്റൊരു ഗോളിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് നോർവേയെ കീഴടക്കുകയായിരുന്നു.

Also read: