21/07/2026
[fontresizer_tawhidurrahmandear_widget]

‘എന്നോട് മര്യാദയ്ക്ക് സംസാരിക്കണം’; അർജന്റീന-സ്വിറ്റ്സർലൻഡ് മത്സരത്തിനിടെ റഫറിയോട് കട്ടകലിപ്പിൽ മെസി

 ‘എന്നോട് മര്യാദയ്ക്ക് സംസാരിക്കണം’; അർജന്റീന-സ്വിറ്റ്സർലൻഡ് മത്സരത്തിനിടെ റഫറിയോട് കട്ടകലിപ്പിൽ മെസി

ന്യൂയോർക്ക്: അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിനിടെ റഫറിയോട് കയർത്ത് അർജന്റീനൻ നായകൻ ലയണൽ മെസി. പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പോരാട്ടവീര്യം പുറത്തെടുത്ത സ്വിറ്റ്സർലൻഡിനെ എക്‌സ്ട്രാ ടൈമിൽ പിറന്ന ഗോളുകളുടെ മികവിലാണ് അർജന്റീന 3-1 ന് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 90 മിനിറ്റും മത്സരം 1-1 എന്ന സമനിലയിലായിരുന്നു. സൂപ്പർ താരം മെസിക്ക് ഈ മത്സരത്തിൽ ഗോളൊന്നും നേടാൻ സാധിച്ചില്ല. എന്നാൽ ഇതിനിടെ റഫറി ജോവോ പെഡ്രോ പിൻഹീറോയുമായി മെസി നടത്തിയ വാക്കുതർക്കത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മത്സരത്തിന്റെ ഒന്നാം പകുതിയിലായിരുന്നു നാടകീയമായ ഈ സംഭവം അരങ്ങേറിയത്. സ്വിസ് ടീമിന് അനുകൂലമായി ലഭിച്ച ഒരു ഫ്രീകിക്ക് സമയത്ത് ടീമിന്റെ പ്രതിരോധത്തിലേക്ക് ഇറങ്ങിയതായിരുന്നു മെസി. ഇതിനിടെ ആവശ്യമായ ദൂരത്തേക്ക് മാറിനിൽക്കാൻ റഫറി മെസിയോട് ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവെച്ചത്. റഫറിയുടെ സംസാരരീതി ഇഷ്ടപ്പെടാതിരുന്ന മെസി അദ്ദേഹത്തോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ‘എന്നോട് മര്യാദയ്ക്ക് സംസാരിക്കൂ, എന്നെ അപമാനിക്കരുത്. ഞാൻ നിങ്ങളോട് മാന്യമായാണ് സംസാരിച്ചത്, അതിനാൽ എന്നോടും മര്യാദയോടെ സംസാരിക്കണം’ എന്ന് മെസി റഫറിയോട് പറഞ്ഞതായി ഇഎസ്‌പിഎൻ അർജന്റീന റിപ്പോർട്ട് ചെയ്തു.

അതേസമയം, മത്സരത്തിൽ സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് ചുവപ്പുകാർഡ് നൽകിയ പോർച്ചുഗീസ് റഫറി ജോവോ പെഡ്രോ പിൻഹീറോയുടെ നടപടിയും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. 72-ാം മിനിറ്റിൽ ഫൗൾ ചെയ്യപ്പെട്ടതായി അഭിനയിച്ചു എന്നാരോപിച്ചാണ് റഫറി താരത്തിനെതിരെ നടപടിയെടുത്തത്. തുടക്കത്തിൽ, എംബോളോയെ ഫൗൾ ചെയ്തതിന് അർജന്റീനൻ താരം ലിയാൻഡ്രോ പരേഡെസിനായിരുന്നു റഫറി മഞ്ഞക്കാർഡ് നൽകിയത്. എന്നാൽ പിന്നീട് വിഡിയോ അസിസ്റ്റന്റ് റഫറിയുടെ നിർദ്ദേശപ്രകാരം ദൃശ്യങ്ങൾ പരിശോധിച്ചതോടെ റഫറി തീരുമാനം മാറ്റുകയായിരുന്നു. ഫൗൾ അഭിനയിച്ചതാണെന്ന് വ്യക്തമായതോടെ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. ഇതോടെ മത്സരത്തിലെ രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ച എംബോളോയ്ക്ക് ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.

Also read: