14 വർഷങ്ങൾക്ക് ശേഷം അതേ കുടുംബത്തെ തേടിയെത്തി ‘ധുർബെ’; ദമ്പതികൾക്ക് പിന്നാലെ മരുമകളെയും പേരക്കുട്ടിയെയും കൊലപ്പെടുത്തി കാട്ടാന
കാഠ്മണ്ഡു: 14 വർഷത്തെ ഇടവേളയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി നേപ്പാളിലെ ഭീതിയായി കാട്ടാന. ‘ധുർബെ’ എന്ന് വിളിക്കപ്പെടുന്ന കാട്ടാനയാണ് ചിത്വാൻ ദേശീയോദ്യാനത്തിന് സമീപമുള്ള കുടുംബത്തെ വർഷങ്ങൾക്ക് ശേഷവും പിന്തുടർന്ന് ആക്രമിച്ച് ജീവനെടുത്തത്. കാട്ടാനയുടെ ആക്രമണം ഭയന്ന് വീടും നാടും ഉപേക്ഷിച്ച് പോയ കുടുംബത്തെയാണ് വർഷങ്ങൾക്ക് ശേഷം അതേ ആന തന്നെ വീണ്ടും ആക്രമിച്ചത്.
2012-ലാണ് ഈ ദുരന്ത പരമ്പരയുടെ തുടക്കം. ചിത്വാൻ ജില്ലയിലെ മാഡി മേഖലയിൽ താമസിച്ചിരുന്ന ഷാനിചാര ബോട്ടെയുടെ മാതാപിതാക്കളെ അന്ന് ധുർബെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തോടെ ഭയന്ന കുടുംബം സുരക്ഷിതമായ ഒരു ജീവിതം തേടി റാപ്തി നദി കടന്ന് ജഗത്പുർ മേഖലയിലേക്ക് താമസം മാറ്റി. എന്നാൽ 14 വർഷങ്ങൾക്ക് ശേഷം ഈ പുതിയ വീട്ടിലുമെത്തിയ കാട്ടാന വീടിന്റെ ഭിത്തികൾ തകർത്ത് അകത്തുകയറി ഷാനിചാരയുടെ മരുമകൾ ആഷിക ബോട്ടെ (25), നാല് വയസ്സുകാരനായ കൊച്ചുമകൻ ഭാരത് എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. നദി കടന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിയതോടെ തങ്ങൾ സുരക്ഷിതരാണെന്നാണ് കരുതിയതെന്നും, എന്നാൽ ഇത്രയും വർഷങ്ങൾക്ക് ശേഷവും ആന തേടിയെത്തി വീട് ആക്രമിച്ചെന്നും ഷാനിചാര ബോട്ടെ മാധ്യമങ്ങളോട് വേദനയോടെ പറഞ്ഞു.
നേപ്പാൾ വന്യജീവി വകുപ്പിന്റെ കണക്കുകൾ പ്രകാരം 2010 മുതൽ ഇതുവരെ 25 പേരെയാണ് ധുർബെ കൊലപ്പെടുത്തിയിട്ടുള്ളത്. വിളവെടുപ്പ് കാലങ്ങളിൽ, പ്രത്യേകിച്ച് നെല്ലും ചോളവും പാകമാകുന്ന സമയത്താണ് ഈ ആന പതിവായി ജനവാസ മേഖലകളിൽ എത്താറുള്ളതെന്ന് കർഷകർ പറയുന്നു. ഒരേ കുടുംബത്തിലെ നാലാമത്തെ ആളും കൊല്ലപ്പെട്ടതിന് പിന്നാലെ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആനയുടെ ആക്രമണം തടയാൻ അധികൃതർ പലതവണ ശ്രമങ്ങൾ നടത്തിയിട്ടും അതൊന്നും ഫലം കണ്ടിരുന്നില്ല. ആനയുടെ സഞ്ചാരം നിരീക്ഷിക്കാൻ 2016-ൽ ആദ്യമായി റേഡിയോ കോളർ ഘടിപ്പിച്ചു. ഇത് കേടായതിനെ തുടർന്ന് 2020-ലും 2023-ലും പുതിയ കോളറുകൾ സ്ഥാപിച്ചെങ്കിലും തുടർ ആക്രമണങ്ങൾ തടയാനായില്ല. 2012 ഡിസംബറിൽ വന്യജീവി വകുപ്പും സൈന്യവും ചേർന്ന് ധുർബെയെ രണ്ട് തവണ വെടിവെച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ഉൾക്കാട്ടിലേക്ക് മറഞ്ഞ ആന പിന്നീട് 2019-ൽ വീണ്ടും ജനവാസ മേഖലകളിൽ ഭീതി പരത്തി തിരിച്ചെത്തുകയായിരുന്നു. തുടർച്ചയായ ജീവാപായങ്ങളുടെ പശ്ചാത്തലത്തിൽ, ധുർബെയെ സ്ഥിരമായി സുരക്ഷിതമായ മറ്റൊരു വനമേഖലയിലേക്ക് മാറ്റാനോ അല്ലെങ്കിൽ പ്രത്യേക സ്ഥലത്ത് പാർപ്പിക്കാനോ ഉള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു.