‘കാനഡയിലെ കാട്ടുതീ കാരണം യുഎസ് നഗരങ്ങളിലെ വായു മലിനമാകുന്നു’; നിയന്ത്രിച്ചില്ലെങ്കിൽ അധിക തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: കാനഡയിൽ പടർന്നുപിടിക്കുന്ന കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് വ്യാപിക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കാട്ടുതീ നിയന്ത്രിക്കാൻ കാനഡ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കാനഡയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി സംസാരിച്ചതായും വിഷയത്തിന്റെ ഗൗരവം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കാനഡയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ അമേരിക്ക തയ്യാറാണെങ്കിലും തങ്ങളുടെ രാജ്യത്തെ വായു മലിനമാകുന്നത് അനുവദിക്കാനാകില്ലെന്നും ഇതിന് നഷ്ടപരിഹാരമോ അധിക തീരുവയോ ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുതീ മൂലമുണ്ടാകുന്ന മലിനീകരണം അമേരിക്കയ്ക്ക് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അതിനാൽ കാനഡയിൽ നിന്ന് നിലവിൽ ഈടാക്കുന്ന തീരുവയ്ക്കൊപ്പം ഈ മലിനീകരണത്തിന്റെ നഷ്ടം കൂടി ഉൾപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. നിലവിൽ കാനഡയിലെ കാട്ടുതീ അതീവ രൂക്ഷമായി തുടരുകയാണ്. വെള്ളിയാഴ്ച മാത്രം കാനഡയിൽ 888 കാട്ടുതീ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ മിക്കവയും ഇപ്പോഴും നിയന്ത്രണാതീതമാണ്.
കാട്ടുതീയിൽ നിന്നുള്ള പുക മിനസോട്ട, മിഷിഗൺ, പെൻസിൽവാനിയ, ഒഹായോ, ന്യൂയോർക്ക് തുടങ്ങിയ നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിലെ വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ലോകത്തിൽ തന്നെ ഏറ്റവും മോശം വായുനിലവാരമുള്ള നഗരമായി ഡെട്രോയിറ്റ് മാറിയപ്പോൾ, ചിക്കാഗോ, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക് എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലെത്തിയത്.
അതേസമയം, കാലാവസ്ഥാ വ്യതിയാനം നേരിടുന്ന കാര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ കാനഡയെ കുറ്റപ്പെടുത്തുന്നതിന് പകരം കൂടുതൽ അഗ്നിശമന സഹായങ്ങൾ നൽകാൻ അമേരിക്ക തയ്യാറാകണമെന്നാണ് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടത്.