‘പിണറായി എന്റെ ജീവിതം തകർത്തു, ചികിത്സയുടെ പേരിലുള്ള യാത്രകളെല്ലാം ബിസിനസിന് വേണ്ടിയായിരുന്നു’; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്
പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം പൂർണ്ണമായും തകർത്തത് പിണറായി വിജയനാണെന്നും, തനിക്കെതിരെ കെട്ടിച്ചമച്ച വ്യാജ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് കാണുമെന്നും സ്വപ്ന വ്യക്തമാക്കി. തന്റെ ഫോൺ പിടിച്ചെടുത്ത് രേഖകൾ വളച്ചൊടിച്ചാണ് കള്ളക്കേസുകൾ എടുത്തതെന്ന് അവർ ആരോപിച്ചു. പിണറായിക്കെതിരായ നിയമപോരാട്ടം ശക്തമായി തുടരുമെന്നും ഇതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു.
സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് തനിക്ക് സംസ്ഥാനത്തെ കോടതികൾ കയറിയിറങ്ങേണ്ടി വന്നതെന്ന് സ്വപ്ന പറഞ്ഞു. പിണറായി വിജയൻ കാരണമാണ് തന്റെ ജീവിതം ദുരിതത്തിലായത്. അദ്ദേഹത്തിന്റെ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തുപോയതുകൊണ്ട് മാത്രമാണ് താൻ ഇപ്പോൾ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇവിടെ സമാധാനമായി ജീവിക്കാൻ അവസരമൊരുക്കണമെന്നും, നിലവിലുള്ള വ്യാജ കേസുകൾ ഒഴിവാക്കാൻ സഹായിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പിണറായി വിജയനും കുടുംബത്തിനും അമേരിക്കയിലും യു.എ.ഇയിലുമായി വൻ ബിസിനസ് സംരംഭങ്ങളുണ്ടെന്നും സ്വപ്ന ആരോപിച്ചു. വിദേശത്ത് ചികിത്സയ്ക്കെന്ന പേരിൽ നടത്തിയ യാത്രകളെല്ലാം ഈ ബിസിനസ് ആവശ്യങ്ങൾക്കായിരുന്നു. പിണറായിയേക്കാൾ കൂടുതൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണ്. ബിസിനസ് തന്ത്രങ്ങൾ മെനയാൻ അവർക്കുള്ള ബുദ്ധിയോ സമയമോ പിണറായിക്കില്ലാത്തതുകൊണ്ടാണ് എല്ലാ വിദേശയാത്രകളിലും ഭാര്യ ഒപ്പം പോയിരുന്നത്. കൂടാതെ, കുടുംബത്തിൽ മകന് യാതൊരു പ്രാധാന്യവുമില്ലെന്നും മകൾക്കും പേരക്കുട്ടിയ്ക്കുമാണ് കൂടുതൽ പരിഗണന ലഭിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.