22/07/2026
[fontresizer_tawhidurrahmandear_widget]

വീട്ടിൽ കള്ളന്മാർ കയറിയാൽ എന്തുചെയ്യണം?; എഐയോട് ചോദിച്ച് പ്ലാൻ ചെയ്തത് നടുക്കുന്ന കൂട്ടക്കൊല; ബംഗളൂരു കൂട്ടക്കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 വീട്ടിൽ കള്ളന്മാർ കയറിയാൽ എന്തുചെയ്യണം?; എഐയോട് ചോദിച്ച് പ്ലാൻ ചെയ്തത് നടുക്കുന്ന കൂട്ടക്കൊല; ബംഗളൂരു കൂട്ടക്കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരു: ബംഗളൂരുവിലെ കെ.ആർ. പുരത്ത് മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകം ആസൂത്രണം ചെയ്യാനും മൃതദേഹങ്ങൾ മറവ് ചെയ്യാനും മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടിയിരുന്നുവെന്ന് ബംഗളൂരു പൊലീസ് കണ്ടെത്തി.

കേസന്വേഷണം ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മുഖ്യപ്രതിയായ കെന്നത്ത് എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് കൃത്യം പ്ലാൻ ചെയ്തതെന്നും, ഇയാളുടെ ചാറ്റ് ഹിസ്റ്ററി ലഭ്യമാക്കാൻ പൊലീസ് ബന്ധപ്പെട്ട കമ്പനിയെ സമീപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ജൂൺ 22-നാണ് കെ.ആർ. പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സീഗെബള്ളിയിലുള്ള അപ്പാർട്ട്മെന്റിൽ സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി (48), മകൾ സുപ്രിയ (19) എന്നിവരെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ദമ്പതികളുടെ മൂത്തമകളായ ശ്വേതയും (25) പങ്കാളിയായ കെന്നത്തും (25) ഒളിവിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 24, 25 തീയതികളിൽ പുതുച്ചേരിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും ഡിജിറ്റൽ തെളിവുകളുടെ പരിശോധനയിലുമാണ് കെന്നത്തിന്റെ എഐ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ആറുമാസത്തോളമായി പ്രതി കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ എഐയോട് ചോദിച്ചു മനസിലാക്കുകയായിരുന്നു. നേരിട്ട് കൊലപാതകത്തെക്കുറിച്ച് ചോദിക്കുന്നതിന് പകരം, “വീട്ടിൽ കള്ളന്മാർ കയറിയാൽ എങ്ങനെ പ്രതിരോധിക്കണം, എന്തൊക്കെ ആയുധങ്ങൾ ഉപയോഗിക്കണം” തുടങ്ങിയ വളഞ്ഞ വഴികളിലൂടെയാണ് പ്രതി വിവരങ്ങൾ ശേഖരിച്ചത്. കൂടാതെ, കൊലപാതക ശേഷം മൃതദേഹങ്ങൾ എങ്ങനെ നശിപ്പിക്കാം എന്നും ഇയാൾ എഐയുടെ സഹായത്തോടെ തിരഞ്ഞിരുന്നു.

ക്ലൗഡ് കിച്ചൺ സംരംഭത്തിനായി വാങ്ങിയിരുന്ന വലിയ ഇരുമ്പ് ഫർണസിൽ മൃതദേഹങ്ങൾ കത്തിച്ച് മറവ് ചെയ്യാൻ പ്രതി പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കണ്ട് പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതകളില്ലാതെ ആർഭാടമായി ജീവിക്കാനായി കുടുംബത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെന്നത്ത് ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത്.

ക്ലൗഡ് കിച്ചൺ ബിസിനസിനായി ശ്വേത തന്റെ മാതാവിൽനിന്ന് 50 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകൾ കെന്നത്ത് ശ്വേതയോട് പങ്കുവെച്ചിരുന്നെങ്കിലും, അവൾ അതൊക്കെ വെറും തമാശയായി മാത്രമാണ് കണ്ടിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Also read: