04/09/2026
[fontresizer_tawhidurrahmandear_widget]

‘മുഴുവൻ സമയവും റീലെടുക്കല്‍, എന്നോടുള്ള താൽപര്യം കുറഞ്ഞു, വീട്ടുജോലികൾ ചെയ്യുന്നില്ല’; ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം നാടുവിട്ട യുവാവ് പിടിയിൽ

 ‘മുഴുവൻ സമയവും റീലെടുക്കല്‍, എന്നോടുള്ള താൽപര്യം കുറഞ്ഞു, വീട്ടുജോലികൾ ചെയ്യുന്നില്ല’; ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം നാടുവിട്ട യുവാവ് പിടിയിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്വന്തം നാടായ ബിഹാറിലേക്ക് കടന്നുകളഞ്ഞ ഇരുപത്തിനാലുകാരൻ പൊലീസിന്റെ പിടിയിലായി. ബിഹാർ സ്വദേശിയായ ധീരജ് കുമാറാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ജൂലൈ 25-ന് ബെംഗളൂരുവിലെ കുംബളഗോടുവിലാണ് സംഭവം. ഭാര്യയായ റീമ കുമാരിയെ ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ ബിഹാറിലേക്ക് രക്ഷപ്പെടുകയായിരുന്നു.

പത്ത് മാസം മുൻപായിരുന്നു പ്രണയത്തിലായിരുന്ന ധീരജിന്റെയും റീമയുടെയും വിവാഹം. റീമയുടെ വീട്ടുകാരുടെ എതിർപ്പുകൾ വകവെയ്ക്കാതെ വിവാഹിതരായ ഇവർ പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറ്റുകയായിരുന്നു. എന്നാൽ, ബെംഗളൂരുവിൽ എത്തിയതിന് ശേഷം റീമയ്ക്ക് തന്നോടുള്ള താത്പര്യം കുറഞ്ഞതായി ധീരജ് പൊലീസിനോട് പറഞ്ഞു. റീമ തന്റെ സമയം മുഴുവൻ മൊബൈൽ ഫോണിൽ റീൽസുകൾ ചിത്രീകരിക്കാനാണ് ചിലവഴിച്ചിരുന്നതെന്നും, വീട്ടുജോലികൾ ചെയ്യാനോ കൃത്യമായി ഭക്ഷണം നൽകാനോ അവർ തയ്യാറായിരുന്നില്ലെന്നും ഇയാൾ ആരോപിക്കുന്നു. ഇതിന് പുറമെ ബിഹാറിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് റീമ നിരന്തരം വഴക്കിട്ടിരുന്നതായും ഇത് ഇരുവരും തമ്മിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നതായും പൊലീസ് വ്യക്തമാക്കി.

ജൂലൈ 25-ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധീരജ്, തനിക്ക് ഭക്ഷണം ഉണ്ടാക്കിവെച്ചിട്ടില്ലെന്ന് കണ്ടതോടെ റീമയുമായി വീണ്ടും വഴക്കായി. തുടർന്ന് ഉറങ്ങാൻ പോകാൻ ആവശ്യപ്പെട്ടെങ്കിലും റീമ അതിന് തയ്യാറായില്ല. വഴക്ക് രൂക്ഷമായതിനിടയിൽ റീമ ഒരു തടികൊണ്ട് ധീരജിനെ ആക്രമിച്ചുവെന്നും, ഇതിൽ പ്രകോപിതനായ താൻ റീമയുടെ ഷാൾ ഉപയോഗിച്ച് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ പ്രതി മൊഴി നൽകിയിരിക്കുന്നത്.

കൊലപാതകം ഉറപ്പാക്കിയ ശേഷം റീമയുടെ മുഖം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുകയും, മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വാടകമുറിയിലെ ശുചിമുറിക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് ധീരജ് ബീഹാറിലേക്ക് വണ്ടി കയറി. ദിവസങ്ങൾക്ക് ശേഷം ജൂലൈ 29-ന് വാടകമുറിയിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ റീമയുടെ പരിചയക്കാരിലൊരാൾ കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഇവർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതി ബിഹാറിലുണ്ടെന്ന് കണ്ടെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ ബെംഗളൂരുവിൽ എത്തിച്ച പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Also read: