‘യു.എൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് ഫിഫ പ്രസിഡന്റ് വരണം’; ജിയാനി ഇൻഫാന്റീനോയ്ക്ക് പൂർണ്ണ പിന്തുണയുമായി ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാന്റീനോയെ അടുത്ത യു.എൻ സെക്രട്ടറി ജനറലാക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താല്പര്യപ്പെടുന്നതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കാൻ ഇൻഫാന്റീനോയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും, ലോകകപ്പ് സംഘാടനത്തിൽ അദ്ദേഹത്തിന്റെ മികവിൽ തനിക്ക് പൂർണ്ണ തൃപ്തിയുണ്ടെന്നും ട്രംപ് വ്യക്തമാക്കിയതായി ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
നിലവിലെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഈ വരുന്ന ഡിസംബറിൽ അവസാനിക്കുകയാണ്. അദ്ദേഹത്തിന് പകരക്കാരനായി ഇൻഫാന്റീനോ എത്തണമെന്നാണ് ട്രംപിന്റെ ആഗ്രഹം. എന്നാൽ ഈ പദവിയോട് ഇൻഫാന്റീനോയ്ക്ക് താല്പര്യമുണ്ടോ എന്നതിലോ, ഇരുവരും തമ്മിൽ ഇക്കാര്യം നേരിട്ട് ചർച്ച ചെയ്തിട്ടുണ്ടോ എന്നതിലോ ഇതുവരെ വ്യക്തതവന്നിട്ടില്ല.
യു.എൻ രക്ഷാസമിതിയിലെ 15 അംഗങ്ങളുടെ പിന്തുണയും, ജനറൽ അസംബ്ലിയുടെ അംഗീകാരവും ലഭിച്ചാൽ മാത്രമേ പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കാനാകൂ. രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങൾക്കുള്ള വീറ്റോ അധികാരവും ഇതിൽ നിർണായകമാണ്.
ഈ വർഷം നടന്ന ഫിഫ ലോകകപ്പിനിടെയാണ് ട്രംപും ഇൻഫാന്റീനോയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായത്. ടൂർണമെന്റിലുടനീളം ട്രംപിന് പ്രത്യേക പരിഗണന നൽകാൻ ഫിഫ പ്രസിഡന്റ് ശ്രദ്ധിച്ചിരുന്നു. ഇതിന് പുറമെ, ഡിസംബറിൽ ഫിഫ പ്രഥമമായി ഏർപ്പെടുത്തിയ ‘സമാധാന പുരസ്കാരം’ നൽകി ട്രംപിനെ ആദരിച്ചതും വലിയ രീതിയിൽ വാർത്തകളിൽ ഇടംനേടിയിരുന്നു.
സ്പെയിനും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് ഫൈനലിനിടെ ട്രംപും ഇൻഫാന്റീനോയും വലിയ വിമർശനങ്ങൾക്ക് വിധേയരായിരുന്നു. മറൈൻ വൺ ഹെലികോപ്റ്ററിൽ വന്നിറങ്ങി വി.ഐ.പി സ്യൂട്ടിലിരുന്ന് കളി കണ്ട ട്രംപിന്റെ മുഖം കിക്കോഫിന് മുൻപ് ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ സ്റ്റേഡിയത്തിൽ വലിയ കൂവലുകളുയർന്നു. അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ കിരീടമുയർത്തിയ ശേഷം സമ്മാനദാനത്തിനായി ഇരുവരും മൈതാനത്തേക്ക് ഇറങ്ങിയപ്പോഴും കാണികൾ കൂവലോടെയാണ് സ്വീകരിച്ചത്. ഇതിന് പുറമെ, സമ്മാനദാനത്തിന് ശേഷവും ട്രംപ് പോഡിയത്തിൽ തുടർന്നതും സ്പാനിഷ് താരങ്ങളുടെ ആഘോഷങ്ങളിൽ പങ്കുചേരാൻ ശ്രമിച്ചതും ചെറിയ രീതിയിലുള്ള അസ്വസ്ഥതകൾക്ക് കാരണമായിരുന്നു.