‘അദീന പള്ളി യഥാർത്ഥത്തിൽ ആദിനാഥ് ക്ഷേത്രം’; ബംഗാളിലെ 650 വർഷം പഴക്കമുള്ള പള്ളിക്ക് പുറത്ത് ശിവലിംഗം സ്ഥാപിക്കാൻ ഒരുങ്ങി തീവ്ര ഹിന്ദുത്വ സംഘടന
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 650 വർഷം പഴക്കമുള്ള അദീന പള്ളിക്ക് പുറത്ത് തിങ്കളാഴ്ച വലിയൊരു ശിവലിംഗം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് തീവ്ര ഹിന്ദു വലതുപക്ഷ സംഘടന രംഗത്ത്. പള്ളി നിൽക്കുന്ന സ്ഥലം പുരാതനമായ ‘ആദിനാഥ് ശിവക്ഷേത്രം’ ആയിരുന്നുവെന്ന് അവകാശപ്പെട്ടാണ് ശിവലിംഗ പ്രതിഷ്ഠ നടത്താൻ ഒരുങ്ങുന്നത്. വടക്കൻ ബംഗാളിലെ ബി.ജെ.പി സദ്ഭരണ വിഭാഗം കൺവീനറും ആദിനാഥ് പുരാതൻ ശിവമന്ദിർ മുഖ്യ രക്ഷാധികാരിയുമായ കാജൽ ഗോസ്വാമിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരമറിയിച്ചത്.
താരാകേശ്വറിൽ നിന്ന് കൊണ്ടുവരുന്ന 3.6 അടി ഉയരവും 1.5 ടൺ ഭാരവുമുള്ള ശിവലിംഗമാണ് പള്ളിക്കരികിൽ സ്ഥാപിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന് പുറത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നും, അവിടെ ശിവലിംഗം സ്ഥാപിക്കാൻ പഴയ ക്ഷേത്ര ഭരണസമിതി അനുമതി നൽകിയിട്ടുണ്ടെന്നും കാജൽ ഗോസ്വാമി അവകാശപ്പെട്ടു.
യഥാർത്ഥ ആദിനാഥ് ക്ഷേത്രം തകർത്താണ് അവിടെ പള്ളി നിർമ്മിച്ചതെന്നും, ഹിന്ദു-ബുദ്ധ പ്രതിമകൾ ഇപ്പോഴും അവിടെയുണ്ടെന്നും കാജൽ ഗോസ്വാമി ആരോപിച്ചു. കോടതി വിധിയിലൂടെയും എ.എസ്.ഐയുടെ പുതിയ പരിശോധനയിലൂടെയും ഈ സ്ഥലത്തിന്റെ യഥാർത്ഥ ചരിത്രം പുറത്തുവരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ക്ഷേത്രം പുനരുദ്ധരിക്കുകയും ശിവലിംഗം പള്ളിക്കുള്ളിൽ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ നിയമത്തിന് വിധേയമായി മാത്രമേ പ്രവർത്തിക്കൂവെന്നും, എ.എസ്.ഐ ഉദ്യോഗസ്ഥരുമായും പോലീസുമായും നടത്തിയ ചർച്ചയിൽ സ്മാരകത്തിന് പുറത്ത് മാത്രം മതപരമായ ചടങ്ങുകൾ നടത്താനാണ് നിർദ്ദേശം ലഭിച്ചതെന്നും ഗോസ്വാമി കൂട്ടിച്ചേർത്തു. അതേസമയം, പള്ളിക്കുള്ളിൽ ഹിന്ദു, ബുദ്ധ രൂപങ്ങളും ശിവലിംഗവും ഉണ്ടെന്ന് ആരോപിച്ച് സ്മാരകത്തെക്കുറിച്ച് എ.എസ്.ഐ റിപ്പോർട്ട് തേടി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും ‘ആദിനാഥ് പുരാതൻ ശിവമന്ദിർ’ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
സ്മാരകത്തിൽ മതപരമായ ചടങ്ങുകൾ നടത്താൻ ചിലർ പദ്ധതിയിടുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ജൂലൈ 15-ന് മാൾഡ പോലീസ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. 1958-ലെ പുരാതന സ്മാരക നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ് അദീന പള്ളിയെന്നും, പരിസരത്ത് മതപരമായ ചടങ്ങുകളോ അനധികൃത പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, കഴിഞ്ഞ വെള്ളിയാഴ്ച പാർലമെന്റിൽ സംസാരിച്ച ബി.ജെ.പി എം.എൽ.എ തരുൺജ്യോതി തിവാരി അദീന പള്ളിയെക്കുറിച്ച് പരാമർശിച്ചിരുന്നു. താൻ അദീന പള്ളി അന്വേഷിച്ച് മാൾഡയിൽ പോയെന്നും, അവിടെ കണ്ട ഓരോ കല്ലുകളും ‘ഞാൻ ആദിനാഥ് ക്ഷേത്രമാണ്’ എന്ന് കരഞ്ഞുപറയുന്നതുപോലെ തോന്നിയെന്നും അദ്ദേഹം അവകാശപ്പെട്ടു. വേദനിപ്പിക്കുന്ന ചരിത്രത്തിന്റെ പ്രതീകമാണിതെന്നും, മഹാദേവൻ തന്റെ പുരാതന വാസസ്ഥലം തിരികെ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, ചരിത്രം തെളിവുകളിലൂടെയാണ് നയിക്കപ്പെടേണ്ടതെന്നും അത് സത്യസന്ധമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
1373-ൽ ബംഗാൾ സുൽത്താനേറ്റിലെ സുൽത്താൻ സിക്കന്ദർ ഷാ നിർമ്മിച്ച അദീന പള്ളി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ ദേശീയ പ്രാധാന്യമുള്ള കേന്ദ്ര സംരക്ഷിത സ്മാരകമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മധ്യകാല പള്ളികളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. എന്നാൽ 2022-ൽ ബി.ജെ.പി നേതാവ് രതീന്ദ്ര ബോസും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാക്കളും അദീന പള്ളിക്കടിയിൽ ഒരു ശിവക്ഷേത്രം ഉറങ്ങിക്കിടപ്പുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. പള്ളിയുടെ വാസ്തുവിദ്യകൾ ഇസ്ലാമിക കാലത്തിന് മുമ്പുള്ള ഘടനയെയാണ് സൂചിപ്പിക്കുന്നതെന്നും ഇവർ വാദിച്ചു. തുടർന്ന് 2024 ഫെബ്രുവരിയിൽ ഹിന്ദു പുരോഹിതനായ ഹിരൺമയി ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സംരക്ഷിത സ്മാരകത്തിൽ പ്രവേശിച്ച് മതപരമായ ചടങ്ങുകൾ നടത്തുകയും ഹിന്ദു ദൈവങ്ങളുടെ കൊത്തുപണികൾ അവിടെയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിനെതിരെ പ്രദേശത്തെ മുസ്ലീങ്ങൾ പ്രതിഷേധിച്ചതോടെ, അനധികൃതമായി മതപരമായ ചടങ്ങുകൾ നടത്തിയതിന് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
2025 ഒക്ടോബറിൽ തൃണമൂൽ കോൺഗ്രസ് എം.പി യൂസഫ് പഠാൻ അദീന പള്ളി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. 14-ാം നൂറ്റാണ്ടിൽ സുൽത്താൻ സിക്കന്ദർ ഷാ നിർമ്മിച്ച സ്മാരകമെന്ന് അദ്ദേഹം വിശേഷിപ്പിച്ചപ്പോൾ, ‘ആദിനാഥ് ക്ഷേത്രം’ എന്ന് തിരുത്തിക്കൊണ്ട് പശ്ചിമ ബംഗാൾ ബി.ജെ.പി ഇതിന് മറുപടി നൽകി. പിന്നീട് 2025 ഡിസംബർ 5-ന് ബി.ജെ.പി രാജ്യസഭാ എം.പിയും നിലവിലെ പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷനുമായ സമീക് ഭട്ടാചാര്യ രാജ്യസഭയിൽ ഈ വിഷയം ഉന്നയിച്ചു. നിലവിലുണ്ടായിരുന്ന ഹിന്ദു-ബുദ്ധ നിർമ്മിതികളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് പള്ളി പണിതതെന്നും, യഥാർത്ഥത്തിൽ ഇത് ശിവനും വിഷ്ണുവിനും സമർപ്പിച്ച ആദിനാഥ് ക്ഷേത്രമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്ത് വിലകൊടുത്തും ക്ഷേത്രം സംരക്ഷിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും എ.എസ്.ഐയും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ബി.ജെ.പി രാജ്യസഭാ എം.പിയും മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ സിൻഹ ഈ തർക്കത്തെ അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിനോടാണ് ഉപമിച്ചത്. രാമക്ഷേത്രം പോലെ ആദിനാഥ് ക്ഷേത്രവും തകർത്താണ് പള്ളി പണിതതെന്നും, ഹിന്ദു വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ ഇപ്പോഴും കാണാമെന്നും രാഹുൽ സിൻഹ ആരോപിച്ചിരുന്നു.