നിർമല സീതാരാമൻ പുതിയ വിദ്യാഭ്യാസ മന്ത്രിയാകുമോ? കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യത
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ധനമന്ത്രി സ്ഥാനത്തുനിന്ന് നിർമല സീതാരാമനെ മാറ്റി പകരം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നൽകിയേക്കുമെന്നാണ് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോൾ ശക്തമാകുന്ന അഭ്യൂഹം.
സി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന ശക്തമായ പ്രതിഷേധങ്ങളും ജന്തർമന്തറിലെ യുവജന സമരങ്ങളും നീറ്റ് വിവാദം സൃഷ്ടിച്ച പാർലമെൻ്ററി പ്രതിസന്ധിയുമാണ് ഒടുവിൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചത്. അദ്ദേഹത്തെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാനായിരുന്നു കേന്ദ്രം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന സി.ജെ.പിയുടെ കടുത്ത നിലപാടാണ് ഒടുവിൽ രാജി അനിവാര്യമാക്കിയത്.
പുതിയ മന്ത്രിസഭാ പുനഃസംഘടനയിൽ മുൻ മന്ത്രി അനുരാഗ് താക്കൂർ വീണ്ടും മന്ത്രിസഭയിലെത്തിയേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം, മന്ത്രിസ്ഥാനം ഒഴിഞ്ഞ ധർമേന്ദ്ര പ്രധാനെയും പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെയും സംഘടനാ ചുമതലകളിലേക്ക് മാറ്റാനാണ് സാധ്യത. പ്രധാനെ ദേശീയ തലത്തിലുള്ള പാർട്ടി പ്രവർത്തനങ്ങളിലേക്കാണോ അതോ സ്വന്തം സംസ്ഥാനമായ ഒഡിഷയിലെ ബി.ജെ.പിയെ നയിക്കാനാണോ നിയോഗിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
നിർമല സീതാരാമൻ ധനമന്ത്രി സ്ഥാനം ഒഴിയുന്നതോടെ പകരം ആര് വരുമെന്നതിലും ചർച്ചകൾ സജീവമാണ്. പ്രധാനമന്ത്രിയുടെ വിശ്വസ്തനും സാമ്പത്തിക മാനേജ്മെൻ്റിൽ വിദഗ്ധനുമായ ശക്തികാന്ത ദാസിന്റെയും വാണിജ്യ മന്ത്രി പീയുഷ് ഗോയലിൻ്റെയും പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണനയിലുള്ളത്. ഇതിന് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉപപ്രധാനമന്ത്രിയായേക്കുമെന്നും, എ.എ.പി വിട്ട് അടുത്തിടെ ബി.ജെ.പിയിൽ എത്തിയ രാഘവ് ഛദ്ദയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.