26/07/2026
[fontresizer_tawhidurrahmandear_widget]

‘അക്രമം ഒന്നിനും പരിഹാരമല്ല, എന്റെ 22 സമരങ്ങൾ നോക്കൂ ,ഒരിക്കലും അക്രമം നടത്തിയിട്ടില്ല, അതിലൂടെ 10 നിയമങ്ങൾ നടപ്പിലാക്കി’; സി.ജെ.പി സമരത്തിന് പിന്നാലെ ഉപദേശവുമായി അണ്ണാ ഹസാരെ

 ‘അക്രമം ഒന്നിനും പരിഹാരമല്ല, എന്റെ 22 സമരങ്ങൾ നോക്കൂ ,ഒരിക്കലും അക്രമം നടത്തിയിട്ടില്ല, അതിലൂടെ 10 നിയമങ്ങൾ നടപ്പിലാക്കി’; സി.ജെ.പി സമരത്തിന് പിന്നാലെ ഉപദേശവുമായി അണ്ണാ ഹസാരെ

ന്യൂഡൽഹി: ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് അക്രമത്തിലൂടെയല്ല, മറിച്ച് സമാധാനപരമായ ചർച്ചകളിലൂടെയും ജനാധിപത്യ മാർഗങ്ങളിലൂടെയുമാണെന്ന് മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിവന്ന 37 ദിവസത്തെ സമരം പിൻവലിച്ച പശ്ചാത്തലത്തിലാണ് ഹസാരെയുടെ പ്രതികരണം.

ഏറ്റുമുട്ടലുകളോ അക്രമങ്ങളോ പ്രശ്നപരിഹാരത്തിന് ഉതകില്ലെന്നും, ജനാധിപത്യമാണ് ഒരേയൊരു സുസ്ഥിര മാർഗ്ഗമെന്നും 89-കാരനായ ഹസാരെ ഓർമ്മിപ്പിച്ചു. തന്റെ ജീവിതത്തിൽ നടത്തിയ 22 നിരാഹാര സമരങ്ങളിലും സമാധാനപരമായ വഴികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇതൊരു ജനാധിപത്യ രാജ്യമാണ്, ഏകാധിപത്യ ഭരണമല്ല. ഇവിടെ എപ്പോഴും ജനാധിപത്യത്തിന്റെ പാതയാണ് പിന്തുടരേണ്ടത്. ഞാൻ 22 ഉപവാസ സമരങ്ങൾ നടത്തിയിട്ടുണ്ട്. ഒരിക്കൽപ്പോലും അക്രമത്തിന് മുതിർന്നിട്ടില്ല. സമാധാനപരമായ ആ സമരങ്ങളിലൂടെ 10 നിയമങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. ആരായാലും ശരി, അക്രമത്തിൽ ഏർപ്പെടുന്നത് ശരിയായ രീതിയല്ല,” ഹസാരെ പറഞ്ഞു.

പ്രശ്നപരിഹാരത്തിന് ചർച്ചകൾ അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പിരിമുറുക്കങ്ങളും ഏറ്റുമുട്ടലുകളും പരിഹാരം വൈകിപ്പിക്കുകയേയുള്ളൂ. ഏത് സങ്കീർണ്ണമായ പ്രശ്നവും ചർച്ചകളിലൂടെ പരിഹരിക്കാനാകും. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് ഒന്നിനും പരിഹാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സർക്കാരും പൊതുജന വികാരം മാനിക്കണമെന്നും ജനക്ഷേമത്തിന് മുൻഗണന നൽകണമെന്നും ഹസാരെ അഭ്യർത്ഥിച്ചു. ജനങ്ങൾ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കണം. ജനക്ഷേമത്തിനായി പല കാര്യങ്ങൾക്കും മുന്നിട്ടിറങ്ങേണ്ടി വന്നാലും അതിൽ തെറ്റില്ല, എന്നാൽ എപ്പോഴും പൊതുതാൽപ്പര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം സർക്കാരിനെ ഓർമ്മിപ്പിച്ചു.

സർക്കാരുമായി നടത്തിയ ചർച്ചകൾ വിജയകരമായതിനെ തുടർന്നാണ് ജന്തർ മന്തറിലെ പ്രതിഷേധം സി.ജെ.പി അവസാനിപ്പിച്ചത്. കോൺസ്റ്റിറ്റിയൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ച് കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ മൂന്നാം വട്ട ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കുന്നതായി സി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സർക്കാർ നൽകിയ ഉറപ്പുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കുമെന്ന വിശ്വാസത്തിൽ തികഞ്ഞ ‘സദുദ്ദേശ്യത്തോടെ’യാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് അറിയിച്ചു. നീറ്റ്-യുജി 2026 പേപ്പർ ചോർച്ച വിവാദത്തെത്തുടർന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴങ്ങി ശനിയാഴ്ച ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെയാണ് 37 ദിവസമായി ജന്തർ മന്തറിൽ തുടർന്നുവന്ന സമരം അവസാനിച്ചത്.

Also read: