‘ധർമേന്ദ്ര പ്രധാന്റെ രാജിക്കത്തിലെ ഭാഷ കുറ്റബോധമുള്ള ഒരാളുടേതല്ല’; വിദ്യാർഥി സമരത്തെ പിന്തുണച്ച് ബിജെപി നേതാവിന്റെ മകൾ
ന്യൂഡൽഹി: സിജെപിയുടെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീണ്ടും ഒരു ബിജെപി നേതാവിന്റെ മകൾ രംഗത്ത്. ഉത്തർപ്രദേശിലെ ഫത്തേപൂർ സദറിൽ നിന്നുള്ള മുൻ എംഎൽഎയും ബിജെപി നേതാവുമായ വിക്രം സിങ്ങിന്റെ മകളും കണ്ടന്റ് ക്രിയേറ്ററുമായ യശസ്വിനി രാജെ സിങ്ങാണ് പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയത്. ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിൽ അവർ പങ്കെടുത്തു. ഇതിന് പുറമെ, പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ച നടപടിയെ ‘ക്രൂരമായ തമാശ’ എന്നാണ് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ യശസ്വിനി വിശേഷിപ്പിച്ചത്.
മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കത്തിനെതിരെ രൂക്ഷ വിമർശനമാണ് യശസ്വിനി ഉന്നയിച്ചത്. തെറ്റ് ചെയ്തതിലുള്ള കുറ്റബോധമുള്ള ഒരാളുടെ ഭാഷയല്ല, മറിച്ച് ഒരു രക്തസാക്ഷിയുടേതിന് സമാനമായ പ്രതികരണമാണ് പ്രധാന്റെ രാജിക്കത്തിൽ കാണാൻ കഴിയുന്നതെന്ന് അവർ ആരോപിച്ചു. രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കാതിരിക്കാനാണ് താൻ രാജിവെക്കുന്നത് എന്ന പ്രധാന്റെ പരാമർശത്തെയും അവർ ചോദ്യം ചെയ്തു. ഈ രാജി വലിയൊരു വഴിത്തിരിവാണെന്ന് കരുതുന്നത് ദീർഘവീക്ഷണമില്ലാത്ത ചിന്തയാണെന്നും യശസ്വിനി കൂട്ടിച്ചേർത്തു.
വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചും പിതാവുമായുള്ള ബന്ധത്തെക്കുറിച്ചും അവർ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. പിതാവിനോട് താൻ രാഷ്ട്രീയം സംസാരിക്കാറില്ല. സാമ്പത്തികമായി സ്വതന്ത്രയായ താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും വർഷങ്ങളായി ഫത്തേപൂർ സദറിലേക്ക് പോയിട്ടില്ലെന്നും അവർ വ്യക്തമാക്കി. “അത്തരം ചുറ്റുപാടുകളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവിടെ സന്ദർശിച്ചിട്ട് വർഷങ്ങളായി. ഇതിൽ നിന്നെല്ലാം വലിയ അകലം പാലിക്കുന്നതുകൊണ്ടാണ് ഒരു കപടനാട്യക്കാരിയാണെന്ന് തോന്നാതെ എനിക്ക് ഈ കാര്യങ്ങൾ ഉറക്കെ വിളിച്ചുപറയാൻ കഴിയുന്നത്”- യശസ്വിനി പറഞ്ഞു.
മുൻപും ബിജെപി/എൻഡിഎ നേതാക്കളുടെ മക്കൾ സിജെപി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത് വാർത്തയായിരുന്നു. ബിജെപി എംപി അപരാജിത സാരംഗിയുടെ മകൾ അർചിത സച്ചിൻ രാഹർ പ്രധാന്റെ രാജിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. “എന്റെ കുടുംബം ഡിപിക്ക് (ധർമേന്ദ്ര പ്രധാൻ) ഒപ്പമാണ്, എന്നാൽ ഞാൻ വിദ്യാർത്ഥികൾക്കൊപ്പമാണ്” എന്ന അർചിതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വലിയ ചർച്ചയായി. മുൻ മന്ത്രിയുടെ ടീം അംഗങ്ങൾ ഈ പോസ്റ്റ് പിൻവലിക്കാൻ എംപിയോട് ആവശ്യപ്പെട്ടെന്ന വാർത്തകൾ വന്നതോടെ ഇത് വൈറലാവുകയും ചെയ്തു.
അസമിലെ റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിസ മഹന്തയും നേരത്തെ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്ന ദിബിസയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ, മക്കൾ മുതിർന്നവരായിക്കഴിഞ്ഞാൽ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുതെന്നും തൻ്റെ മന്ത്രിയെ സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കരുതെന്നും അഭ്യർത്ഥിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു.