26/07/2026
[fontresizer_tawhidurrahmandear_widget]

‘രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു; ഇനി വിദ്യാർഥികളെ അക്രമിച്ച പോലീസുകാർക്കെതിരെ ശരിയായ നടപടി വേണം’: സിജെപി സമര വിജയത്തിൽ പ്രതികരിച്ച് മാധവ് സുരേഷ്

 ‘രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു; ഇനി വിദ്യാർഥികളെ അക്രമിച്ച പോലീസുകാർക്കെതിരെ ശരിയായ നടപടി വേണം’: സിജെപി സമര വിജയത്തിൽ പ്രതികരിച്ച് മാധവ് സുരേഷ്

കൊച്ചി: നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യത്തിന് ഒടുവിൽ ശരിയായ മറുപടി ലഭിച്ചുവെന്നും, ഇനി സമരക്കാർക്കുനേരെ ക്രൂരമർദ്ദനം അഴിച്ചുവിട്ട പോലീസുകാർക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നും മാധവ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു.

“രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു. ഇപ്പോൾ, അതിക്രമം നടത്തിയ പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ ശരിയായ നടപടി സ്വീകരിക്കൂ,” എന്നാണ് മാധവ് സുരേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ നടന്ന പോലീസ് അതിക്രമങ്ങളെ നേരത്തെയും മാധവ് രൂക്ഷമായി വിമർശിച്ചിരുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിൻ്റെ ഭാവി തലമുറയ്ക്കുമേൽ അമിതബലപ്രയോഗം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. “ഇവിടെ സംഭവിക്കുന്നത് വളരെ മോശമായ കാര്യങ്ങളാണ്. ഭരിക്കുന്നവരുമായി ആരോഗ്യകരമായ മത്സരത്തിന് നേതൃത്വം നൽകേണ്ടവർ ജനങ്ങളെ വഞ്ചിച്ച് അവരുടെ അജൻഡകൾ നടപ്പാക്കുകയാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവിടെ പരാജയപ്പെടുന്നത് ഇന്ത്യയിലെ സാധാരണക്കാരാണ്,” എന്ന് മാധവ് മുൻപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെല്ലാം ഒരു സമാധാനപരമായ പരിഹാരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിൽ അത് അസാധ്യമാണെന്ന് തോന്നുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തന്നിൽ നിന്ന് തികച്ചും നിഷ്‌പക്ഷമായ ഒരു സെലിബ്രിറ്റി പ്രതികരണം പ്രതീക്ഷിക്കുന്നവർ സ്വാഭാവികമായും നിരാശരാകുമെന്ന് പറഞ്ഞ മാധവ്, രാജ്യത്തിന്റെ ഭാവിയോടാണ് ശരിയായ ചിന്തയെങ്കിൽ ഇതൊരിക്കലും ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ലെന്നും ചൂണ്ടിക്കാട്ടി. “കണ്ണുതുറന്ന് ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണൂ. ഒരു വിഭാഗം വിദ്യാർഥികളെ ആക്രമിക്കുമ്പോൾ, മറ്റൊരു വിഭാഗം അവരെ സ്വന്തം ആവശ്യങ്ങൾക്കായി കരുവാക്കുന്നു. ഓരോ ഇന്ത്യക്കാരനും ഇത് മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. എപ്പോഴും രാജ്യമാണ് വലുതെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

Also read: