03/06/2026
[fontresizer_tawhidurrahmandear_widget]

‘പാറ്റ’ എന്ന പേര് ഉചിതമല്ലായിരിക്കും; പക്ഷെ, അവരുടെ സന്ദേശം വളരെ വലുതാണ്; സിജെപിയെ പിന്തുണച്ച് അണ്ണാ ഹസാരെ

 ‘പാറ്റ’ എന്ന പേര് ഉചിതമല്ലായിരിക്കും; പക്ഷെ, അവരുടെ സന്ദേശം വളരെ വലുതാണ്; സിജെപിയെ പിന്തുണച്ച് അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) യുവജന മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. രാജ്യത്തെ യുവാക്കളുടെ അമര്‍ഷവും അവരുടെ ശബ്ദവും ഭരണാധികാരികൾ ഒരിക്കലും അവഗണിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുവിഷയങ്ങളില്‍ യുവതലമുറ പ്രകടിപ്പിക്കുന്ന ഈ വലിയ ആവേശത്തെ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയുടെ പേര് ചിലപ്പോൾ എല്ലാവർക്കും ഉചിതമായി തോന്നിയേക്കില്ല, പക്ഷേ ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന വലിയ സന്ദേശം രാജ്യത്തെ യുവത്വത്തിന്റെ നിരാശയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ അണ്ണാ ഹസാരെ ചൂണ്ടിക്കാട്ടി.

“‘പാറ്റ’ എന്ന പേര് ഒരുപക്ഷേ അനുയോജ്യമല്ലായിരിക്കാം. പക്ഷെ, ഈ കൂട്ടായ്മയ്ക്ക് പിന്നില്‍ രാജ്യത്തെ വലിയൊരു ജനവിഭാഗം ഉറച്ചുനില്‍ക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ പ്രസ്ഥാനത്തിന് ‘പാറ്റ’ എന്ന പേര് നൽകേണ്ടി വന്നത് എന്നതിന് പിന്നിലെ സാഹചര്യം നാം മനസ്സിലാക്കണം. യുവാക്കളാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ ശക്തി. സര്‍ക്കാരിന് ഒരിക്കലും അവരെ അവഗണിക്കാനാകില്ല; മറിച്ച് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്,” അണ്ണാ ഹസാരെ പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ യുവാക്കള്‍ സജീവമായി ഇടപെടുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഒരു സ്വതന്ത്ര ജനകീയ മുന്നേറ്റമായി തന്നെ മുന്നോട്ട് പോകാനാണ് തങ്ങളുടെ തീരുമാനമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി. തൽക്കാലം കക്ഷിരാഷ്ട്രീയത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, യുവാക്കളുടെ ആശങ്കകൾ ഉയർത്തിക്കാട്ടി അവരുടെ ശക്തമായ ശബ്ദമായി നിലകൊള്ളാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.

ജനങ്ങളോട് കൃത്യമായി മറുപടി പറയാന്‍ സർക്കാരിനെ ബാധ്യസ്ഥരാക്കുമെന്നും പൂർണ്ണമായും ഭരണഘടനയ്ക്ക് അനുസൃതമായിട്ടാകും സംഘടനയുടെ പ്രവർത്തനമെന്നും സിജെപി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയിൽ അടിയുറച്ച് വിശ്വസിച്ച് മതേതരത്വവും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത കാമ്പെയ്നുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. പ്രതികൂല സാഹചര്യങ്ങളിലും പതറാതെ അതിജീവിക്കുന്ന യുവാക്കളുടെ പ്രതീകമെന്ന നിലയിലാണ് ‘കോക്രോച്ച്’ (പാറ്റ) എന്ന പേര് തങ്ങൾ സ്വീകരിച്ചതെന്നും എക്‌സ് ഹാൻഡിലിലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.

Also read: