3000 അടി ഉയരത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്; ഒടുവിൽ ഗത്യന്തരമില്ലാതെ എമർജൻസി ലാൻഡിങ് നടത്തി പൈലറ്റ്
ലിവർപൂൾ: യുകെയിലെ ലിവർപൂളിലേക്ക് പോവുകയായിരുന്ന വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്രാമധ്യേ രണ്ട് കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് മാറിയതോടെയാണ് മറ്റ് വഴികളില്ലാതെ പൈലറ്റ് കാനറി ദ്വീപിലേക്ക് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്.
186 യാത്രക്കാരുമായി ലിവർപൂളിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് ഏകദേശം അരമണിക്കൂറിനുള്ളിൽ, 3000 അടി ഉയരത്തിൽ വെച്ചാണ് പത്തോളം വരുന്ന ബ്രിട്ടീഷ് യാത്രാസംഘം തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായത്. എയർപോർട്ട് ടെർമിനലിൽ വെച്ച് തന്നെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നുവെന്നും ഇത് വിമാനത്തിനുള്ളിലും തുടരുകയും ഒടുവിൽ കൂട്ടത്തല്ലിലേക്ക് കലാശിക്കുകയുമായിരുന്നുവെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
തമ്മിലടി രൂക്ഷമായതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷയെ കരുതി പൈലറ്റ് വിമാനം കാനറി ദ്വീപുകളിലെ ടെനറീഫ് സൗത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിൽ ചില യാത്രക്കാർ മോശമായി പെരുമാറിയതാണ് അടിയന്തര ലാൻഡിങ്ങിന് കാരണമായതെന്ന് ഈസി ജെറ്റ് അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിമാനം തിരിച്ചിറക്കിയ ശേഷം പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ പുറത്താക്കുകയും, തുടർന്ന് വിമാനം ലിവർപൂളിലേക്ക് തന്നെ യാത്ര തിരിക്കുകയും ചെയ്തു.