27/07/2026
[fontresizer_tawhidurrahmandear_widget]

അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് പള്ളികൾക്ക് തീവെച്ച് ഇസ്രയേൽ കുടിയേറ്റക്കാർ; വംശീയ അധിക്ഷേപം പടർത്തുന്ന ചുവരെഴുത്തുകളും

 അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് പള്ളികൾക്ക് തീവെച്ച് ഇസ്രയേൽ കുടിയേറ്റക്കാർ; വംശീയ അധിക്ഷേപം പടർത്തുന്ന ചുവരെഴുത്തുകളും

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ രണ്ട് പള്ളികൾക്ക് നേരെ ഇസ്രയേൽ കുടിയേറ്റക്കാരുടെ കടുത്ത അതിക്രമം. വെസ്റ്റ് ബാങ്കിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലുള്ള പള്ളികൾക്കാണ് അക്രമികൾ തീവെച്ചത്. ഇതിന് പുറമെ പള്ളികളുടെ ചുവരുകളിൽ വംശീയ അധിക്ഷേപം നിറയുന്ന വാചകങ്ങളും വിദ്വേഷ സന്ദേശങ്ങളും ഇവർ എഴുതിവെക്കുകയും ചെയ്തു.

അടുത്തിടെ വെസ്റ്റ് ബാങ്കിൽ അരങ്ങേറിയ ചില സംഘർഷങ്ങളുടെ തുടർച്ചയായാണ് കുടിയേറ്റക്കാർ ഇപ്പോൾ ആരാധനാലയങ്ങൾക്ക് നേരെയും തിരിഞ്ഞിരിക്കുന്നത്. അക്രമികളുടെ തീവെപ്പിൽ രണ്ട് പള്ളികൾക്കും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഫലസ്തീൻ ജനതയ്ക്കുനേരെ ഇസ്രയേൽ കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നും നിരന്തരമുണ്ടാകുന്ന പ്രകോപനങ്ങളുടെ ഭാഗം തന്നെയാണ് ഈ സംഭവവുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വംശീയ വിദ്വേഷം പടർത്തുന്ന തരത്തിലുള്ള ഈ ചുവരെഴുത്തുകൾ പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

അധിനിവേശ പ്രദേശങ്ങളിലെ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് ഫലസ്തീൻ അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2025 മുതൽ ഇതുവരെ 45-ലധികം പള്ളികളാണ് ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണത്തിനോ തീവെപ്പിനോ ഇരയായത്. ആരാധനാലയങ്ങൾക്ക് നേരെയുള്ള ഈ അക്രമ പരമ്പരകൾ വെസ്റ്റ് ബാങ്കിലെ സമാധാനാന്തരീക്ഷം പൂർണ്ണമായും തകർക്കുന്നതാണെന്നും, കുറ്റക്കാർക്കെതിരെ എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്നും ഫലസ്തീൻ നേതൃത്വം ആവശ്യപ്പെട്ടു.

Also read: