‘നിന്നെ ഉപദ്രവിച്ചവൻ ഇനി വെളിച്ചം കാണില്ല, ജീവിതാവസാനം വരെ കൂട്ടിൽക്കിടന്ന് വൃദ്ധനാകും, മരിക്കും; മോളേ നീ ജീവിക്കുക, സ്വപ്നം കാണുക’: പോക്സോ കേസില് 10 വയസുകാരിയോട് കോടതി
ന്യൂഡൽഹി: ‘ഞാൻ അങ്കിൾ എന്നുവിളിക്കുന്ന, എന്നെ ഉപദ്രവിച്ച അയാൾ വയസാകുംവരെ ജയിലിൽ കിടക്കണം’ – കുഞ്ഞുന്നാളിൽത്തന്നെ തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് പത്തുവയസുകാരി ജഡ്ജിയോട് പറഞ്ഞ വാക്കുകളാണിത്. പോക്സോ കേസ് പരിഗണിച്ച ജഡ്ജി ആ കുഞ്ഞിന്റെ വാക്കുകൾ കേട്ടു. വിധിന്യായത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെയൊരു വരി അവൾക്കായി എഴുതിച്ചേർത്തു.
‘പ്രിയപ്പെട്ട കുഞ്ഞേ, ഈ കോടതി നിന്റെ വാക്കുകൾ അതേപടി കേൾക്കുകയാണ്. നീ അങ്കിൾ എന്നുവിളിച്ചിരുന്ന അയാളിനി സ്വതന്ത്രനായി നടക്കില്ല. ശേഷിക്കുന്ന ജീവിതം ഒരു കൂട്ടിനകത്തായിരിക്കുമെന്ന് നിനക്ക് ഉറപ്പുനൽകുന്നു. അയാൾ ആ കുട്ടിൽക്കിടന്ന് വൃദ്ധനാകും, മരിക്കും. അയാൾക്കിനി നിന്നെയോ നിന്റെ സഹോദരിയോ മറ്റേതെങ്കിലും കുഞ്ഞിനേയോ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ സാധിക്കില്ല. ഈ കോടതി കണ്ടതിൽ വച്ചേറ്റവും ധൈര്യശാലിയായ കുഞ്ഞാണ് നീ. കോടതിയിലെത്തി, ധൈര്യത്തോടെ നിന്നെ ഉപദ്രവിച്ചവനെ ചൂണ്ടിക്കാണിച്ചു. സത്യം തുറന്നുപറഞ്ഞു. അങ്കിൾ എന്ന് നീ വിളിക്കുന്നയാൾ നിന്നോട് ചെയ്തത് ഏറ്റവും വലിയ ക്രൂരതയാണ്. പക്ഷേ നീ മിണ്ടാതിരുന്നില്ല, തളർന്നില്ല. അമ്മയോട് കാര്യങ്ങൾ പറഞ്ഞു. കാരണം നീ ഒരു പോരാളിയാണ്. അയാളിനി ഒരു കുഞ്ഞിനേയും ഉപദ്രവിക്കില്ല.’
ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടിയുടെ ആവശ്യം പരിഗണിച്ച വിചാരണക്കോടതി, പോക്സോ കേസ് പ്രതിയെ ജീവിതാവസാനം വരെ കഠിനതടവിനു ശിക്ഷിച്ചു. ‘ഈ കോടതിക്ക് നിന്റെ ബാല്യം തിരികെ നൽകാനാവില്ല. പക്ഷേ നിന്റെ വാക്കുകൾ കേട്ടെന്ന് ഉറപ്പുനൽകാനാവും. നിന്റെ ആവശ്യം അനുവദിച്ചുകഴിഞ്ഞിരിക്കുന്നു. നിന്നെ ഉപദ്രവിച്ചവൻ ഇനി പകലിനേയോ സൂര്യനേയോ കാണില്ല. മോളേ, ഇനി നീ ജീവിക്കുക. സ്കൂളിൽ പോകണം, കൂട്ടുകാർ വേണം, ചിരിക്കണം, കളിക്കണം, സ്വപ്നം കാണണം. നിന്റെ ഈ ധൈര്യം കോടതി എന്നും ഓർക്കും.’ വിധിന്യായത്തിൽ പറയുന്നു.
വിചാരണക്കോടതിയുടെ വിധിന്യായത്തിലെ ഈ സന്ദേശം പ്രിന്റ് ചെയ്ത് രണ്ടാഴ്ചയ്ക്കകം പെൺകുട്ടിയ്ക്ക് എത്തിച്ചുകൊടുക്കാൻ ഡൽഹി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. നഷ്ടപരിഹാരത്തുകയ്ക്കൊപ്പമായിരിക്കണം സന്ദേശം എത്തിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയുടെ വാക്കുകളെ ‘ധൈര്യത്തിന്റെ സന്ദേശം’ എന്നാണ് ഹൈക്കോടതി ബെഞ്ച് വിശേഷിപ്പിച്ചത്. ജസ്റ്റിസ് പ്രതിഭ എം.സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സെപ്റ്റംബർ 22-ന് ഈ ഉത്തരവിട്ടത്.
2023 ജൂലൈ 23നാണ് അന്ന് ഏഴുവയസുള്ള കുഞ്ഞ് ലൈംഗികാതിക്രമം നേരിട്ടത്. ലൈംഗികപീഡനവും മറ്റ് കുറ്റങ്ങളും തെളിഞ്ഞതോടെ വിചാരണക്കോടതി പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഭീഷണിപ്പെടുത്തിയ കേസിൽ അഞ്ചുവർഷം കഠിനതടവും 20,000 രൂപ പിഴയും ലഭിച്ചു. രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിക്കാനാണ് വിധി.
പെൺകുട്ടിക്ക് 10.50 ലക്ഷം രൂപയാണ് വിചാരണക്കോടതി വിധിച്ച നഷ്ടപരിഹാരം. ഈ തുക കൈമാറിയതിന്റെ രേഖ ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതവും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആഘാതവും കണക്കിലെടുത്താണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷയും തള്ളി. ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി തീരുമാനം. പ്രതിയുടെ അപ്പീൽ 2027 ജനുവരി ഇരുപതിലേക്ക് മാറ്റി.