ഗസ്സ വംശഹത്യക്കാലത്ത് ഇന്ത്യ ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റി അയച്ചത് 2956 തവണ: വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റർനാഷണൽ
ഗസ്സ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ആരംഭിച്ച 2023 ഒക്ടോബർ ഏഴ് മുതൽ ഇന്ത്യ 2956 തവണ ഇസ്രയേലിലേക്ക് ആയുധങ്ങളും ആയുധ ഭാഗങ്ങളും കയറ്റി അയച്ചതായി പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ വെളിപ്പെടുത്തി. പബ്ലിക് ഡൊമൈനിൽ ലഭ്യമായ ഷിപ്പിങ് വിവരങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘മെയ്‌ഡ് ഇൻ ഇന്ത്യ: ദ സപ്ലൈ ഓഫ് വെപൺസ് ആൻഡ് അമ്യൂണിഷൻ ടു ഇസ്രയേൽ’എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഇന്ത്യയിൽ നിന്നുള്ള പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങൾ ഈ കാലയളവിൽ സൈനിക ഗ്രേഡ് ആയുധങ്ങൾക്കായുള്ള 390,516 ചെറിയ ആയുധ ഭാഗങ്ങളും 564,970 സ്ഫോടക സാമഗ്രികളും ഇസ്രയേലിലേക്ക് കയറ്റി അയച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, ഇസ്രയേൽ സായുധ സേനയ്ക്ക് നേരിട്ട് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കായി 298 സൈനിക വാഹന ഘടകങ്ങളും ഇന്ത്യയിൽ നിന്ന് നൽകിയിട്ടുണ്ട്. മെഷീൻ ഗൺ ഭാഗങ്ങൾ, ഇസ്രയേലിലെ എൽബിറ്റ് സിസ്റ്റംസിന് നൽകിയ 155 എം.എം പീരങ്കി ഷെല്ലുകൾ, ഗസ്സയിലെ ഖാൻ യൂനിസിലെ അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയതിന് സമാനമായ സ്ട്രൈക്കർ കാമികേസ് ഡ്രോണുകൾക്ക് ഉപയോഗിക്കുന്ന സ്ഫോടക വാർഹെഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, സിവിലിയൻ ആവശ്യങ്ങൾക്കോ പൂർണ്ണമായും പ്രതിരോധ ആവശ്യങ്ങൾക്കോ നൽകിയവ ഈ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. കമ്പനികളും കസ്റ്റംസും നൽകുന്ന വിവരങ്ങളിലെ അപാകതകൾ കാരണം ഈ കണക്കുകൾ പൂർണ്ണമല്ലെന്നും വിവരങ്ങൾ ഭാഗികമായിരിക്കാമെന്നും ആംനസ്റ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഗസ്സയിൽ ഇസ്രയേൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇന്ത്യയിൽ നിന്നുള്ള ഈ ആയുധക്കയറ്റുമതി ദീർഘകാലം തുടർന്നത്. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്കും സായുധ സംഘങ്ങൾക്കും ആയുധങ്ങൾ നൽകുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് കമ്പനികൾ ഇവ നൽകുന്നതെങ്കിൽ അത് ക്രിമിനൽ കുറ്റമായി പരിഗണിക്കാമെന്നും ആംനസ്റ്റി റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ ഐ.എച്ച്.എൽ വ്യവസ്ഥകൾ ലംഘിച്ചിരിക്കുകയാണ്. ഷിപ്മെന്റുകളിലെ ഹാർമോണൈസ്‌ഡ് സിസ്റ്റംസ് കോഡുകൾ പരിശോധിച്ചാണ് ആംനസ്റ്റി വിവരങ്ങൾ ശേഖരിച്ചത്. ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, മെഷീൻ ഗണ്ണുകൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവയുമായി ബന്ധപ്പെട്ട 9301 മുതൽ 9307 വരെയുള്ള എച്ച്.എസ് കോഡുകൾ പ്രകാരം 2810 ഷിപ്മെന്റുകളും, ടാങ്കുകൾ ഉൾപ്പെടെയുള്ള സൈനിക വാഹനങ്ങളുടെ കയറ്റുമതിയെ സൂചിപ്പിക്കുന്ന 8710 കോഡ് പ്രകാരം 16 ഷിപ്മെന്റുകളുമാണ് ഗസ യുദ്ധകാലത്ത് ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് കയറ്റി അയച്ചത്.
ഇവയ്ക്ക് പുറമെ, റിവോൾവർ-പിസ്റ്റൾ ഭാഗങ്ങൾ എന്ന വിഭാഗത്തിൽ 1838 ഷിപ്മെന്റുകളും ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് പോയിട്ടുണ്ട്. റിവോൾവറുകളും പിസ്റ്റളുകളും അല്ലാത്ത മറ്റ് സൈനിക ഉപകരണങ്ങൾ എന്ന വിഭാഗത്തിൽ 354 കയറ്റുമതികളും നടന്നു. മിസൈൽ ഇന്റർസെപ്റ്ററുകളും എയർ ഡിഫൻസ് സിസ്റ്റവുമായി ബന്ധപ്പെട്ട ഉപകരണ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. മറ്റ് സൈനിക ഉപകരണങ്ങൾ എന്ന കാറ്റഗറിയിൽ മിസൈൽ, റോക്കറ്റ് ഭാഗങ്ങൾ ഉൾപ്പെടെ 389 തവണയും കയറ്റുമതി നടത്തി.
ഈ വിഷയത്തിൽ വിശദീകരണം തേടി ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനും ആയുധങ്ങൾ കയറ്റി അയച്ച പതിനഞ്ചോളം സ്ഥാപനങ്ങൾക്കും കത്തുകളും വിവരാവകാശ അപേക്ഷകളും നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് ആംനസ്റ്റി വ്യക്തമാക്കി. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ഇന്ത്യ അടിയന്തരമായി നിർത്തിവെക്കണമെന്നും ഇസ്രയേലിനെതിരെ ആയുധ ഉപരോധം പ്രഖ്യാപിക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ സർക്കാരിനോട് ശക്തമായി ശുപാർശ ചെയ്തു.