യുപിയിലെ ബാബ സമന്‍ദാസ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് 10 ലക്ഷം പ്രഖ്യാപിച്ച് എസ്‍പി എംപി ഇഖ്‌റ ഹസന്‍ ചൗധരി
ലഖ്‌നൗ: ക്ഷേത്ര നിര്‍മാണത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി യുവനേതാവ് ഇഖ്‌റ ഹസന്‍ ചൗധരി എംപി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്നുള്ള എംപിയാണ് ഇഖ്‌റ ഹസന്‍. ബാബാ സമന്‍ദാസ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായാണ് എംപി ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചത്.
ജ്ഞാന്‍ ഭിക്ഷു മഹാരാജിന്റെ 173-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഷാംലിയില്‍ നടന്ന ചടങ്ങിലാണ് ഇഖ്‌റ ഹസന്‍ പ്രഖ്യാപനം നടത്തിയത്. ക്ഷേത്ര നിര്‍മാണം സാമുദായിക ഐക്യത്തിന്റെയും സാമൂഹിക വികസനത്തിന്റെയും പ്രതീകമാണെന്നും, ഇത് പൊതുസമൂഹത്തില്‍ സൗഹാര്‍ദം വളര്‍ത്തുമെന്നും അവര്‍ പറഞ്ഞു. എംപിയുടെ പ്രഖ്യാപനത്തെ ചടങ്ങില്‍ പങ്കെടുത്ത വിശ്വാസികള്‍ വലിയ കൈയടികളോടെയാണ് സ്വാഗതം ചെയ്തത്.
അതേസമയം, ബിജെപി സര്‍ക്കാരിനെതിരെ അവര്‍ രൂക്ഷവിമര്‍ശനവും നടത്തി. വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പകരം യോഗി സര്‍ക്കാര്‍ ജാതി സമവാക്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും, ഇത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദോഷം ചെയ്യുന്നുവെന്നും ഇഖ്‌റ വിമര്‍ശിച്ചു. രാജ്യത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലും പരസ്പര ബഹുമാനത്തിലുമാണ് കുടികൊള്ളുന്നതെന്നും, എല്ലാവരും ഒരുമിച്ച് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം മുന്നോട്ടുകൊണ്ടുപോകണമെന്നും അവര്‍ ആഹ്വാനം ചെയ്തു.