ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ചു; എ.ആർ റഹ്മാന്റെ മകൻ അമീന് പരിക്ക്
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും പിന്നണി ഗായകനുമായ എ.ആർ. അമീന് വാഹനാപകടത്തിൽ പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിന് സമീപത്താണ് അപകടം സംഭവിച്ചത്. കോയമ്പേട്ടിൽ നിന്നും നഗരത്തിലേക്ക് സുഹൃത്തിനൊപ്പം പോർഷെ കാറിൽ യാത്ര ചെയ്യുകയായിരുന്ന അമീന്റെ വാഹനത്തിലേക്ക് സൈഡ് റോഡിൽ നിന്നും പ്രവേശിച്ച വാഗൺ-ആർ കാർ ഇടിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടില്ല. അമീനെയും സുഹൃത്തിനെയും ഉടൻ തന്നെ ചികിത്സയ്ക്കായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇരുവരേയും ഡിസ്ചാർജ് ചെയ്തു. വാഗൺ-ആർ കാറിലുണ്ടായിരുന്ന പരിക്കേറ്റ വ്യക്തിയെ കലൈഞ്ജർ സെന്ററിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അടയാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിംഗ് പോലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അപകടത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
2015-ൽ മണിരത്നം സംവിധാനം ചെയ്ത ‘ഓ കാതൽ കൺമണി’ എന്ന ചിത്രത്തിലെ ‘മൗലാ സല്ലി വസല്ലിം’ എന്ന ഗാനത്തിലൂടെയാണ് അമീൻ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. റഹ്മാന്റെ അന്താരാഷ്ട്ര സംഗീത പരിപാടികളിലെ സജീവ സാന്നിധ്യമായ അമീൻ, അടുത്തിടെ രാം ചരണിന്റെ ‘പെഡ്ഡി’ എന്ന സിനിമയുടെ തമിഴ് പതിപ്പിൽ ‘ചികിരി ചികിരി’ എന്ന ഗാനം ആലപിച്ചിരുന്നു. കൂടാതെ ദുൽഖർ സൽമാനും മൃണാൽ ഠാക്കൂറും അഭിനയിച്ച ‘ഭീഗി ഭീഗി’ എന്ന സ്വതന്ത്ര മ്യൂസിക് ആൽബവും വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ, ഇതിഹാസ ചിത്രമായ രാമായണം (പാർട്ട് 1 & 2), പീരിയഡ് ഡ്രാമയായ ബട്വാര 1947, മൂൺ വാക്ക്, ധനുഷ്-മാരി സെൽവരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം തുടങ്ങി നിരവധി വലിയ പ്രോജക്ടുകളുടെ തിരക്കിലാണ് നിലവിൽ എ.ആർ. റഹ്മാൻ.