പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തൽ; 5000-ത്തിലധികം വരുന്ന പൈലറ്റുമാർക്ക് ലഹരി പരിശോധന കർശനമാക്കി എയർ ഇന്ത്യ
ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിന്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കർശന സുരക്ഷാ നടപടികളുമായി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികൾക്ക് കീഴിൽ സേവനമനുഷ്ഠിക്കുന്ന 5000-ത്തിലധികം വരുന്ന മുഴുവൻ പൈലറ്റുമാർക്കും ലഹരിമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധന (സൈക്കോആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റ്) വ്യാഴാഴ്ച മുതൽ നിർബന്ധമാക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഫൂക്കറ്റിൽ നിന്നും 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട AI 2379 എയർബസ് A320 വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് 300 അടിയോളം (91 മീറ്റർ) താഴേക്ക് പതിച്ചിരുന്നു. ഈ അസാധാരണ സംഭവത്തിന് ശേഷം വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡറെ പരിശോധനയ്ക്ക് വിധേയമാക്കുകയും, അദ്ദേഹം കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൂർണ്ണ തോതിലുള്ള പരിശോധനകളിലേക്ക് കമ്പനി കടക്കുന്നത്.
നിലവിലെ വ്യോമയാന നിയമങ്ങൾ പ്രകാരം ഒരു വർഷം വിമാന ജീവനക്കാരിൽ 10 ശതമാനം പേർക്ക് മാത്രമാണ് ഇത്തരം ലഹരി പരിശോധനകൾ നടത്തേണ്ടതുള്ളൂ. എന്നാൽ ഈ മാനദണ്ഡം മറികടന്നാണ് നൂറ് ശതമാനം പൈലറ്റുമാരെയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഗുരുഗ്രാമിലെ എയർ ഇന്ത്യ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾക്കിടയിലും, ബ്രീഫിങ് സെന്ററുകൾ, എയർലൈൻ ഓഫീസുകൾ, പൈലറ്റുമാരുടെ ഹോം ബേസുകൾ എന്നിവിടങ്ങളിലുമാകും പരിശോധനകൾ നടക്കുകയെന്ന് കമ്പനി പുറത്തിറക്കിയ ആഭ്യന്തര കുറിപ്പിൽ വ്യക്തമാക്കുന്നു. സുരക്ഷ മുൻനിർത്തിയുള്ള ഈ അടിയന്തര തീരുമാനത്തെക്കുറിച്ച് മുഴുവൻ പൈലറ്റുമാർക്കും കമ്പനി ഇതിനോടകം അറിയിപ്പ് നൽകിയിട്ടുണ്ട്.