ബെംഗളൂരു കെഎസ്ആർടിസി അപകടം അട്ടിമറിയോ? ബസിന് സമീപത്ത് മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ദുരൂഹതയേറുന്നു
ബെംഗളൂരു: ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കി ബെംഗളൂരു ബിഡദിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടത്തിൽപ്പെട്ട ബസിന് സമീപത്തുനിന്ന് രക്ഷാപ്രവർത്തകർ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ ഇതൊരു ആസൂത്രിതമായ അട്ടിമറിയാണോ എന്ന സംശയം ബലപ്പെട്ടു. സംഭവത്തിൽ കർണാടക പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അപകടം നടന്ന പ്രദേശത്തിന് സമീപത്തുവെച്ച് കേരളത്തിൽ നിന്നെത്തിയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവം പുറത്തുവന്നിരുന്നു. ഡ്രൈവർ സമയോചിതമായി ഇടപെട്ടതുകൊണ്ട് മാത്രമാണ് അന്ന് വലിയൊരു അപകടം ഒഴിവായത്. ഇതിന് പിന്നാലെയാണ് അപകടത്തിൽപ്പെട്ട ബസിന് സമീപത്തുനിന്നും മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഓടുന്ന വാഹനത്തിന്റെ മുൻവശത്തെ ചില്ലിലേക്ക് മുട്ടയെറിയുമ്പോൾ, ഡ്രൈവർ വൈപ്പർ പ്രവർത്തിപ്പിക്കുകയും അത് ചില്ലിലാകെ പടർന്ന് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട് വാഹനം അപകടത്തിൽപ്പെടുകയുമാണ് ഇത്തരം സംഘങ്ങളുടെ രീതി. ഇത്തരത്തിൽ ആസൂത്രിതമായി നടന്ന ഒരു അട്ടിമറി ശ്രമമാണോ ജീവനക്കാരുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്.
ഓഗസ്റ്റ് എട്ടിന് ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ബസ് ഡ്രൈവറായ കോഴിക്കോട് നടക്കാവ് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടറായ കോവൂർ സ്വദേശി എൻ.എം. അരുൺ എന്നിവർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബസ് അമിതവേഗതയിലായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നെങ്കിലും, ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നതായി വ്യക്തമായിരുന്നു. അതിനാൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാനുള്ള സാധ്യത കുറവാണ്. ബസിന് നേരെ അജ്ഞാതർ മുട്ടയെറിഞ്ഞതിനെത്തുടർന്ന് കാഴ്ച തടസ്സപ്പെട്ട് നിയന്ത്രണം വിട്ടാണോ വാഹനം മറിഞ്ഞത് എന്നതിലേക്കാണ് കർണാടക പൊലീസിന്റെ അന്വേഷണം ഇപ്പോൾ നീളുന്നത്.