ജാർഖണ്ഡിലെ വിദ്യാർഥി സമരത്തിന് വിജയം; വിവാദ പരീക്ഷകൾ റദ്ദാക്കി, നിരാഹാരം അവസാനിപ്പിച്ചു
റാഞ്ചി: ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികളും വിദ്യാർഥികളും നടത്തിയ ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ വിവാദ ജെ.എസ്.എസ്.സി സി.ജി.എൽ (JSSC-CGL) പരീക്ഷകളും നിയമനങ്ങളും റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 2014 മുതൽ ടി.എസ്.ആർ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജൻസി നടത്തിയ മുഴുവൻ നിയമന പരീക്ഷകളും റദ്ദാക്കുമെന്നും ഇതിലെ ക്രമക്കേടുകൾ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കി.
വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ, 16 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹാതോ ഉൾപ്പെടെയുള്ളവർ സമരം അവസാനിപ്പിച്ചു.
പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് നടക്കുന്ന സി.ഐ.ഡി അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിലെ നിയമന പരീക്ഷകൾ കൂടുതൽ സുതാര്യമാക്കുന്നതിനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശലിന്റെ അധ്യക്ഷതയിൽ പുതിയ പരിഷ്കരണ സമിതിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരീക്ഷാ പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക പോർട്ടലും സർക്കാർ ആരംഭിച്ചു. വിദ്യാർഥികളെ നേരിൽക്കണ്ട് പ്രശ്‌നപരിഹാരം കാണണമെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
അതേസമയം, സർക്കാരിന്റെ തീരുമാനത്തെ വിദ്യാർഥികളിൽ ഒരു വിഭാഗം സ്വാഗതം ചെയ്ത് സമരം അവസാനിപ്പിച്ചെങ്കിലും, സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മറ്റൊരു വിഭാഗം പ്രതിഷേധം തുടരുകയാണ്. ഇതിനിടെ, ജെ.എസ്.എസ്.സി സി.ജി.എൽ പരീക്ഷ റദ്ദാക്കിയ സർക്കാരിന്റെ നടപടിക്കെതിരെ പരീക്ഷ പാസായ ഉദ്യോഗാർഥികളും സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം ഏകദേശം 2000-ത്തോളം ആളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.