04/09/2026
[fontresizer_tawhidurrahmandear_widget]

‘രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും മുസ്‌ലിം വോട്ടുകൾ മാത്രം മതി, ബിജെപിക്ക് അത് വേണ്ട, ഹിന്ദു വോട്ടുകൾ ലഭിച്ചാൽ തന്നെ വീണ്ടും അധികാരത്തിലെത്തും’;യുപി മന്ത്രി രഘുരാജ് സിംഗ്

 ‘രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും മുസ്‌ലിം വോട്ടുകൾ മാത്രം മതി, ബിജെപിക്ക് അത് വേണ്ട, ഹിന്ദു വോട്ടുകൾ ലഭിച്ചാൽ തന്നെ വീണ്ടും അധികാരത്തിലെത്തും’;യുപി മന്ത്രി രഘുരാജ് സിംഗ്

ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിംഗ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനുമെതിരെ രൂക്ഷവിമർശനവുമായി വീണ്ടും രംഗത്ത്. അലിഗഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം പ്രതിപക്ഷ നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്.

രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും മുസ്ലീം വോട്ടുകൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും വികസനത്തേക്കാൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുലും അഖിലേഷും അന്ധനും കുഷ്ഠരോഗിയും ചേർന്നുള്ള ‘രാം-മിലായി ജോഡി’യാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇരുവർക്കും മുസ്ലീം വോട്ടുകൾ മാത്രമാണ് വേണ്ടതെന്നും, നിരന്തരം നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിന്റെയോ രാജ്യത്തിന്റെയോ വികസനത്തിൽ കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും യാതൊരു താല്പര്യവുമില്ലെന്നും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾ മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തെക്കുറിച്ച് സംസാരിച്ച രഘുരാജ് സിംഗ്, പാർട്ടിക്ക് മുസ്ലീം വോട്ടുകളുടെ ആവശ്യമില്ലെന്ന് തുറന്നടിച്ചു. മുസ്ലീം വോട്ടുകൾ പ്രതിപക്ഷ പാർട്ടികൾക്ക് എടുത്തുകൊള്ളാമെന്നും, ബി.ജെ.പിക്ക് ഹിന്ദുത്വ അനുഭാവികളുടെ വോട്ടുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വ വോട്ടുകൾ ലഭിച്ചാൽ രാജ്യത്തും ഉത്തർപ്രദേശിലും ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദുത്വത്തെയും ദേശീയതയെയും പിന്തുണയ്ക്കുന്നവരാണ് ബി.ജെ.പിയുടെ കരുത്തെന്നും മന്ത്രി പറഞ്ഞു. രാജ്യത്തും സംസ്ഥാനത്തും നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. സുപ്രധാന നിയമനിർമ്മാണങ്ങൾ നടക്കുന്നത് തടയാൻ പ്രതിപക്ഷം ബോധപൂർവ്വം പാർലമെന്റ് സ്തംഭിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ സംവരണ ബിൽ പോലുള്ള സുപ്രധാന വിഷയങ്ങളിൽ പോലും പ്രതിപക്ഷത്തിന് ഗൗരവമില്ലെന്നും, സ്ത്രീകൾക്ക് ഗുണകരമാകുന്ന തീരുമാനങ്ങൾ എടുക്കാൻ അവർ അനുവദിക്കുന്നില്ലെന്നും സിംഗ് കുറ്റപ്പെടുത്തി. പാർലമെന്റിനകത്ത് ബഹളമുണ്ടാക്കുകയും പുറത്ത് വന്ന് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയുമാണ് പ്രതിപക്ഷം ചെയ്യുന്നത്.

വനിതാ സംവരണ ബിൽ 2027-ൽ വരുമെന്ന് പാർലമെന്റിന് പുറത്തുവന്ന് രാഹുൽ ഗാന്ധി പറയുന്നത് തികച്ചും കളവാണെന്നും മന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് സ്ത്രീകളുടെ അവകാശങ്ങളിൽ യഥാർത്ഥത്തിൽ താത്പര്യമുണ്ടായിരുന്നെങ്കിൽ പാർലമെന്റ് സുഗമമായി പ്രവർത്തിക്കാനും ക്രിയാത്മകമായ ചർച്ചകൾ നടത്താനും അദ്ദേഹം അനുവദിക്കുമായിരുന്നുവെന്ന് സിംഗ് ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, സാമ്പത്തിക ശാക്തീകരണം എന്നിവയ്ക്കായി ബി.ജെ.പി സർക്കാരുകൾ പ്രവർത്തിക്കുമ്പോൾ, പ്രതിപക്ഷം സ്ത്രീകളുടെ വിഷയങ്ങളെ കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും രഘുരാജ് സിംഗ് ആരോപിച്ചു.

Also read: