02/09/2026
[fontresizer_tawhidurrahmandear_widget]

‘അല്‍പ്പം മറഡോണയുടെ തല, ബാക്കി ദൈവത്തിന്റെ കൈ’; വിഖ്യാതമായ ലോകകപ്പ് പന്ത് 33 കോടി രൂപയ്ക്ക് ലേലത്തിൽ

 ‘അല്‍പ്പം മറഡോണയുടെ തല, ബാക്കി ദൈവത്തിന്റെ കൈ’; വിഖ്യാതമായ ലോകകപ്പ് പന്ത് 33 കോടി രൂപയ്ക്ക് ലേലത്തിൽ

ന്യൂയോർക്ക്: 1986-ലെ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ ‘ദൈവത്തിന്റെ കൈ’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ നേടിയ ചരിത്രപ്രസിദ്ധമായ ഫുട്ബോൾ ലേലത്തിൽ വിറ്റുപോയി. അമേരിക്കയിൽ നടന്ന ലേലത്തിൽ ഏകദേശം 33 കോടി രൂപയ്ക്കാണ് (3.35 മില്യൺ ഡോളർ) ഈ വിശ്വവിഖ്യാതമായ പന്ത് പുതിയ ഉടമ സ്വന്തമാക്കിയത്. ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഓക്ഷൻസ് ഓഗസ്റ്റ് 21 മുതൽ 23 വരെ നടത്തിയ ലേലത്തിലാണ് പന്ത് വിറ്റുപോയത്. 2.5 ദശലക്ഷം യുഎസ് ഡോളറായിരുന്നു (ഏകദേശം 24 കോടി രൂപ) പന്തിന്റെ അടിസ്ഥാന വില. അന്തിമമായി ഇത് 32.61 കോടി രൂപയ്ക്ക് വിറ്റുപോവുകയായിരുന്നു.

അന്ന് മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസറുടെ കൈവശമായിരുന്നു മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഈ പന്ത് ഉണ്ടായിരുന്നത്. പിന്നീട് 2022-ൽ അദ്ദേഹം ഇത് 22 കോടി രൂപയ്ക്ക് വിറ്റു. പുതിയ ഉടമ 2023-ൽ പന്ത് വീണ്ടും ലേലത്തിന് വെച്ചെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനെ തുടർന്ന് വിൽപ്പന നടന്നിരുന്നില്ല. ഇതേ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേഴ്സിയും നേരത്തെ റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ പോയിരുന്നു. 9.3 ദശലക്ഷം യുഎസ് ഡോളറിനാണ് അന്ന് ആ ജേഴ്സി വിറ്റത്. ഒരു ഫുട്ബോൾ ജേഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണിത്.

മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടന്ന ആ ക്വാർട്ടർ ഫൈനലിലാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വിവാദപരവും അതേസമയം ഐതിഹാസികവുമായ ആ ഗോളുകൾ പിറന്നത്. ഇംഗ്ലണ്ട് ഗോൾകീപ്പറെ മറികടന്ന് മറഡോണ കൈകൊണ്ട് പന്ത് വലയിലാക്കിയെങ്കിലും ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഷേധം വകവെക്കാതെ റഫറി ഗോൾ അനുവദിക്കുകയായിരുന്നു. മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, “അൽപ്പം മറഡോണയുടെ തലയും ബാക്കി ദൈവത്തിന്റെ കൈയും” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അങ്ങനെയാണ് ഈ ഗോളിന് ആ പേര് ലഭിക്കുന്നത്. ഇതേ പന്ത് ഉപയോഗിച്ച് തന്നെയാണ് ഇംഗ്ലീഷ് താരങ്ങളെ ഒന്നൊന്നായി ഡ്രിബിൾ ചെയ്ത് മറഡോണ ഫിഫയുടെ ‘നൂറ്റാണ്ടിന്റെ ഗോൾ’ സ്വന്തമാക്കിയതും. ഫുട്ബോൾ ചരിത്രത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള മറ്റൊരു പന്തില്ലെന്നും, ചരിത്രത്തിൽ ഇടംനേടിയ ആ രണ്ട് വിഖ്യാത ഗോളുകൾക്കും ഉപയോഗിച്ച പന്താണിതെന്നും ഹെറിറ്റേജ് ഓക്ഷൻസ് സ്‌പോര്‍ട്‌സ് വിഭാഗം വൈസ് പ്രസിഡന്റ് ഡാൻ ഇംലർ വ്യക്തമാക്കി.

Also read: