ദിവസവും ഫോർച്യൂണറിൽ വന്നിറങ്ങും; റോഡ് തൂത്തുവാരി മടങ്ങും-50 രൂപ ദിവസക്കൂലിയിൽനിന്ന് ‘ലക്ഷപ്രഭു’വായ സേസപ്പ! | Karnataka sanitation worker Sesappa story
ബെംഗളൂരു: ആഡംബര എസ്യുവിയിൽ വന്നിറങ്ങും.. പിന്നാലെ ചൂലുമെടുത്ത് റോഡിലെ മാലിന്യങ്ങൾ തൂത്തുവാരി വൃത്തിയാക്കും(Karnataka sanitation worker Sesappa story). എല്ലാം വെടിപ്പാക്കിയ ശേഷം വന്ന വണ്ടിയിൽ തന്നെ മടങ്ങും. ഒരു സിനിമാരംഗം പോലെയോ സോഷ്യൽ മീഡിയ റീൽ പോലെയോ ഒക്കെ തോന്നാമെങ്കിലും കർണാടകയിലെ മംഗളൂരുവിന് സമീപമുള്ള ബണ്ട്വാളിലെ ബിസി റോഡിൽ എന്നും പുലർച്ചെ കാണുന്ന ഒരു കാഴ്ചയാണിത്. പ്രതിദിനം വെറും 50 രൂപ കൂലിക്ക് തെരുവുകൾ വൃത്തിയാക്കി തുടങ്ങിയ ജീവിതത്തിൽനിന്ന് സ്വന്തം അധ്വാനം കൊണ്ട് ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിന്റെ ഉടമയായി മാറിയ സേസപ്പ എന്ന ശുചീകരണ തൊഴിലാളിയെക്കുറിച്ചാണു പറഞ്ഞുവരുന്നത്.
ദിവസക്കൂലിയിൽനിന്ന് തുടങ്ങിയ പോരാട്ടവും ജീവിതം മാറ്റിമറിച്ച ഉപദേശവും | Karnataka sanitation worker Sesappa story
കർണാടകയിലെ ബണ്ട്വാൾ താലൂക്കിലെ നവൂർ സ്വദേശിയാണ് 45കാരനായ സേസപ്പ. 1996ലാണ് ഇദ്ദേഹം ബണ്ട്വാൾ നഗരസഭയിൽ ദിവസവേതനക്കാരനായി ശുചീകരണ ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് ലഭിച്ചിരുന്നത് വെറും 50 രൂപയായിരുന്നു.
ദാരിദ്ര്യം നിറഞ്ഞ കുടുംബ സാഹചര്യങ്ങളും വ്യക്തിപരമായ വെല്ലുവിളികളും കാരണം മൂന്നാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന സേസപ്പയ്ക്ക് അതിജീവനം ഒട്ടും എളുപ്പമായിരുന്നില്ല. കുടുംബം പുലർത്താൻ പണമില്ലാതെ വന്നതോടെ കടുത്ത മാനസിക പ്രയാസങ്ങളിലേക്ക് വീണ അദ്ദേഹം ഒരു ഘട്ടത്തിൽ മദ്യത്തിന് അടിമയായി മാറി.
2005-ൽ ബണ്ട്വാൾ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന ബെല്ലിയപ്പയുമായി നടത്തിയ ഒരു സംഭാഷണമാണ് സേസപ്പയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തെറ്റായ വഴിയിലൂടെയാണ് തന്റെ ജീവിതം പോകുന്നതെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അന്നുതന്നെ മദ്യപാനം പൂർണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. പിന്നീടങ്ങോട്ട് തികഞ്ഞ അച്ചടക്കത്തോടെയും കഠിനാധ്വാനത്തോടെയും സ്വന്തം വിധിയെ തിരുത്തിക്കുറിക്കുന്ന പോരാട്ടമാണ് സേസപ്പ നടത്തിയത്(Karnataka sanitation worker Sesappa story).
പുലർച്ചെ അഞ്ചരയോടെ നഗരസഭയുടെ ശുചീകരണ ജോലികൾക്കായി എത്തുന്ന സേസപ്പ ബിസി റോഡ് മാർക്കറ്റ് പരിസരവും സർക്കാർ ഓഫീസുകളുടെ മുൻവശവും ചൂലുകൊണ്ട് വൃത്തിയാക്കും. ഒപ്പം നഗരസഭയുടെ മാലിന്യ നിർമാർജന വാഹനം ഓടിക്കുന്ന ഡ്രൈവറായും അദ്ദേഹം പ്രവർത്തിച്ചു. ഉച്ചയോടെ നഗരസഭയിലെ ജോലി പൂർത്തിയാക്കിയ ശേഷം ബാക്കി സമയം കൃഷിയിലേക്കും ക്ഷീരമേഖലയിലേക്കുമാണ് അദ്ദേഹം മാറ്റിവച്ചത്. പശുക്കളെ വളർത്തി പാൽ വിറ്റും കൃഷിപ്പണികൾ ചെയ്തും അധിക വരുമാനം കണ്ടെത്തി. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ഒരു ജോലിയും ചെറുതല്ലെന്ന ഉറച്ച ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.
സൈക്കിളിൽനിന്ന് ആഡംബര കാറുകളിലേക്ക് | Karnataka sanitation worker Sesappa story
ചെറുപ്പം മുതലേ വാഹനങ്ങളോട് വലിയ കമ്പമുണ്ടായിരുന്ന സേസപ്പയുടെ ആദ്യ വാഹനം ഒരു സാധാരണ സൈക്കിളായിരുന്നു. പിന്നീട് കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച പണവും ചെറിയ വായ്പകളും ഉപയോഗിച്ച് അദ്ദേഹം മാരുതി 800 കാർ വാങ്ങി. തുടർന്ന് ഓമ്നി, ആൾട്ടോ, സ്കോർപിയോ തുടങ്ങിയ വാഹനങ്ങളിലേക്ക് മാറി. ഒടുവിൽ സ്കോർപിയോയും ആൾട്ടോയും വിറ്റും പുതിയ വായ്പകൾ എടുത്തുമാണ് അദ്ദേഹം സെക്കൻഡ് ഹാൻഡ് ഫോർച്യൂണർ സ്വന്തമാക്കിയത്.
തന്റെ കാർ മാറിയെങ്കിലും ജോലിയോടുള്ള സമീപനത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് സേസപ്പ വ്യക്തമാക്കുന്നു. പുലർച്ചെ അഞ്ച് മണിക്ക് തന്റെ ഫോർച്യൂണർ കാറോടിച്ച് പോലീസ് സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്ന സേസപ്പ, പിന്നീട് ഒട്ടും മടിയില്ലാതെ ചൂലെടുത്ത് ജോലിയിലേക്ക് കടക്കും. സത്യസന്ധമായി ചെയ്യുന്ന ഏത് തൊഴിലിനും അതിന്റേതായ അന്തസ്സുണ്ടെന്നും ഒരാളുടെ വസ്ത്രമോ വാഹനമോ നോക്കിയല്ല അയാളുടെ ജോലിയെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറയുന്നു.
സേസപ്പയെക്കുറിച്ച് സഹപ്രവർത്തകർക്കും അധികൃതർക്കും പറയാൻ നൂറുനാവാണ്. വളരെ ശാന്തനും സത്യസന്ധനും ആത്മാർഥതയുള്ള ജീവനക്കാരനുമാണ് സേസപ്പയെന്നും ഏൽപ്പിക്കുന്ന ഏത് ജോലിയും പരാതിക്കിടയില്ലാതെ കൃത്യമായി പൂർത്തിയാക്കുമെന്നും ബണ്ട്വാൾ മുനിസിപ്പൽ ചീഫ് ഓഫീസർ തീർഥപ്രസാദ് വ്യക്തമാക്കി. ജോലിയിൽ ഒരിക്കൽ പോലും ആരും അദ്ദേഹത്തെ ശാസിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി ഒരു നല്ല വീട് നിർമിക്കുക എന്നതാണ് കഠിനാധ്വാനത്തിന്റെ ഈ പ്രതീകത്തിന്റെ അടുത്ത ലക്ഷ്യം(Karnataka sanitation worker Sesappa story).