അൽവാരസിന് ഡിപ്രഷൻ? പരിശീലന ക്യാമ്പുകളിൽ നിന്ന് വിട്ടുനിൽക്കുന്നു, താരം മാനസികമായി തകർന്നെന്ന മെഡിക്കൽ റിപ്പോർട്ട് കൈമാറിയതായി വിവരം
മഡ്രിഡ്: ക്ലബ്ബ് മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും ട്രാൻസ്ഫർ പ്രതിസന്ധികൾക്കുമിടെ അർജന്റീനയുടെ മുന്നേറ്റ താരം ഹൂലിയൻ അൽവാരസിന് ഡിപ്രഷൻ ബാധിച്ചതായി റിപ്പോർട്ട്. തനിക്ക് വിഷാദരോഗമാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ താരം നിലവിലെ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് കൈമാറിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത്ലറ്റിക്കോ വിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്ക് ചേക്കേറാൻ അൽവാരസ് ശ്രമിക്കുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെ ആശങ്കയിലാക്കുന്ന പുതിയ സംഭവവികാസങ്ങൾ.
കഴിഞ്ഞ മൂന്ന് ദിവസമായി അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലന ക്യാമ്പുകളിൽ നിന്ന് അൽവാരസ് വിട്ടുനിൽക്കുകയാണ്. ഇതോടെ ലാ ലിഗയിൽ സെവിയ്യക്കെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിലും താരം കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയ അൽവാരസിനെതിരെ ഗാലറിയിലുണ്ടായിരുന്ന ഒരു വിഭാഗം ആരാധകർ കൂവിവിളിച്ചിരുന്നു. ക്ലബ്ബ് വിടാനുള്ള താരത്തിന്റെ നീക്കത്തിലുള്ള പ്രതിഷേധമായിരുന്നു ഇത്. ഈ സംഭവവും താരത്തെ മാനസികമായി വല്ലാതെ തളർത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, തങ്ങളുടെ താരത്തെ ലീഗിലെ പ്രധാന എതിരാളികളായ ബാഴ്സലോണയ്ക്ക് വിൽക്കാൻ അത്ലറ്റിക്കോ മാഡ്രിഡിന് തീരെ താല്പര്യമില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലുമായി ട്രാൻസ്ഫർ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, ബാഴ്സയിലേക്ക് പോകാൻ മാത്രമാണ് അൽവാരസ് താല്പര്യപ്പെടുന്നത്. അൽവാരസിന്റെ ട്രാൻസ്ഫർ കാര്യത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.