‘തിയേറ്ററിൽ കയറി ഒരു ചായ കുടിക്കാൻ ലോണെടുക്കേണ്ട അവസ്ഥ, 25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി.വി.രാജേഷ്
തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലും മൾട്ടിപ്ലെക്സുകളിലും ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്ക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി.രാജേഷ്. പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന പോപ്കോണിന് തിയേറ്ററുകൾക്കുള്ളിൽ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബസമേതം സിനിമ കാണാനെത്തുന്ന സാധാരണക്കാരെ സംബന്ധിച്ച് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നും വിഷയത്തിൽ അടിയന്തരമായി നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘തിയേറ്ററുകളിൽ വിൽക്കുന്ന ആഹാരസാധനങ്ങൾക്ക് വൻ കൊള്ളവിലയാണ് ഈടാക്കുന്നത്. തിയേറ്ററിനകത്ത് കയറിയാൽ ഏതെങ്കിലും അത്ഭുതലോകത്ത് എത്തിയതുപോലെയാണ് കാര്യങ്ങൾ. ഒരു ചായ കുടിക്കണമെങ്കിൽ പോലും ലോണെടുത്ത് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കൊച്ചുകുട്ടികളുമായി സിനിമയ്ക്ക് പോകുമ്പോൾ അവർക്ക് പോപ്കോൺ അടക്കമുള്ളവ വാങ്ങിക്കൊടുക്കാൻ ആയിരം രൂപയെങ്കിലും കയ്യിലില്ലാതെ സാധിക്കില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്,’ മേയർ കുറ്റപ്പെടുത്തി.
ഇത്തരത്തിൽ അമിതവില ഈടാക്കുന്നത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന കാര്യമല്ല ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നത് എങ്കിലും, ഇത്തരം കൊള്ളകൾക്ക് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. ലീഗൽ മെട്രോളജി വകുപ്പ് അടക്കം വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിന്റെയും അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.