എസ്.സി.ഒ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി പാകിസ്താൻ; സ്വയം’നടുവിൽ’ കയറി ഷഹബാസ് ;യഥാർത്ഥ ചിത്രം പങ്കുവെച്ച് ഇന്ത്യ; തരംതാണ നടപടിയെന്ന് സോഷ്യൽ മീഡിയ
ബിഷ്കെക്ക്: കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധപൂർവ്വം വെട്ടിമാറ്റി പാകിസ്താൻ. ഉച്ചകോടിയിൽ പങ്കെടുത്ത പത്ത് അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ ഒപ്പമെടുത്ത ഔദ്യോഗിക ചിത്രത്തിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടക്കമുള്ള നേതാക്കളെ പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ക്രോപ്പ് ചെയ്ത് മാറ്റിയത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചിത്രത്തിന്റെ മധ്യഭാഗത്തായി പ്രമുഖ സ്ഥാനത്ത് നിൽക്കുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ കൃത്രിമം. എന്നാൽ, ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള എല്ലാ ലോകനേതാക്കളും അടങ്ങിയ യഥാർത്ഥ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചതോടെ പാകിസ്താന്റെ തരംതാണ പ്രചാരണം കയ്യോടെ പിടിക്കപ്പെട്ടു. യഥാർത്ഥ ചിത്രത്തിൽ വലതുവശത്തുനിന്നും നാലാമതായാണ് ഷെഹ്ബാസ് ഷെരീഫ് നിന്നിരുന്നത്.
ഗ്രൂപ്പ് ഫോട്ടോയിൽ മാത്രമല്ല, എസ്.സി.ഒ വട്ടമേശ സമ്മേളനത്തിന്റെ വീഡിയോയിലും ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രധാനമന്ത്രി മോദിയെ പൂർണ്ണമായും ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. പാകിസ്താന്റെ ഈ തരംതാണ നയതന്ത്ര ഇടപെടലിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസവും വിമർശനവുമാണ് ഉയർന്നത്. സാമ്പത്തിക സഹായത്തിനായി ലോകം ചുറ്റുന്ന ഷെരീഫിന്റെ മുൻ പരാമർശങ്ങളെ ഓർമ്മിപ്പിച്ച്, അദ്ദേഹത്തിന്റെ കയ്യിൽ ‘ഭിക്ഷാപാത്രം’ എഡിറ്റ് ചെയ്ത് ചേർത്തുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. സ്വന്തം രാജ്യത്ത് നിന്നടക്കം വലിയ തോതിൽ തിരിച്ചടി നേരിട്ടതോടെ, ഷെഹ്ബാസ് ഷെരീഫ് തന്റെ വ്യക്തിഗത എക്സ് അക്കൗണ്ടിലൂടെ മുഴുവൻ നേതാക്കളും അടങ്ങിയ യഥാർത്ഥ ചിത്രം പങ്കുവെച്ച് തടിയൂരുകയായിരുന്നു.
ഇതിനുപുറമെ, ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം വേദി വിട്ടിറങ്ങിയ റഷ്യൻ പ്രസിഡന്റ് പുടിന്റെ കൈപിടിച്ചുവെച്ച് സംസാരിക്കാൻ ഷെരീഫ് തിടുക്കം കാട്ടിയതും ഉച്ചകോടിയിലെ മറ്റൊരു ശ്രദ്ധേയ കാഴ്ച്ചയായി. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായ സൗഹൃദം പങ്കിടുന്ന കാഴ്ച്ചയാണ് ബിഷ്കെക്കിൽ കണ്ടത്. 2025-ൽ ചൈനയിലെ ടിയാൻജിനിൽ നടന്ന ഉച്ചകോടിയിലെ സൗഹൃദ നിമിഷങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച.