‘ഞാനുമൊരു ക്രിസ്റ്റ്യാനോ ഫാൻ’; മുഖ്യമന്ത്രിക്കൊപ്പം സിആർ7ന്റെ സഹോദരി; കോഴിക്കോട് വെച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച
കോഴിക്കോട്: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും ‘സിആർ7’ ബ്രാൻഡിന്റെ ഡയറക്ടറുമായ എൽമ എവേറോയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കോഴിക്കോട്ട് അപ്രതീക്ഷിത കൂടിക്കാഴ്ച. കോഴിക്കോട് ഒരു സ്വകാര്യ ചടങ്ങിനെത്തിയ എൽമ, ചൊവ്വാഴ്ച താൻ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത്. ആദ്യമായാണ് എൽമ കേരളത്തിൽ എത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അവർ എത്തിയിരിക്കുന്നത്.
കേരളത്തിൽ റൊണാൾഡോയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ടെന്നും, അതിൽ ഒരാളാണ് താനെന്നും വി.ഡി. സതീശൻ എൽമയോട് പറഞ്ഞു. സന്തോഷത്തോടെ ഇത് കേട്ട എൽമ, മുഖ്യമന്ത്രിയോട് ‘ഒരു ഫോട്ടോ എടുത്തോട്ടെ’ എന്ന് ചോദിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. കൂടിക്കാഴ്ചയുടെ വിശേഷങ്ങളും വീഡിയോയും എൽമ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിന്റെയും ഊഷ്മളമായ ബന്ധത്തിന്റെയും പ്രതീകമായാണ് ക്രിയേറ്റീവ് ഏജൻസിയായ ‘ക്ലോഡിയസ് ഷോ’ ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. പോർച്ചുഗലിൽ നിന്നും ഇന്ത്യയിലേക്കുള്ള സവിശേഷമായ ഒരു അനുഭവമാണിതെന്ന് എൽമയെ ടാഗ് ചെയ്തുകൊണ്ടുള്ള കുറിപ്പിൽ അവർ വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശനും ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വളരെ ഹൃദ്യമായ കൂടിക്കാഴ്ചയായിരുന്നുവെന്നും, മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹം എൽമയെ അറിയിച്ചുവെന്നും അദ്ദേഹം കുറിച്ചു. കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹം തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് എൽമ ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ പോർച്ചുഗീസ് ബിസിനസ്സുകാരിയായ എൽമ റൊണാൾഡോയുടെ മൂത്ത സഹോദരിയാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ഇവർ റൊണാൾഡോയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സ്ഥിരമായി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.