05/09/2026
[fontresizer_tawhidurrahmandear_widget]

‘ഡെങ്കിപ്പനി വരാതിരിക്കാൻ സ്കൂളുകളിൽ സ്കർട്ടുകൾക്ക് പകരം മുഴുവൻ മറയുന്ന സൽവാറുകൾ ധരിക്കണം’; വിദ്യാർഥികൾക്ക് പുതിയ നിർദേശവുമായി ബംഗാൾ ആരോഗ്യമന്ത്രി

 ‘ഡെങ്കിപ്പനി വരാതിരിക്കാൻ സ്കൂളുകളിൽ സ്കർട്ടുകൾക്ക് പകരം മുഴുവൻ മറയുന്ന സൽവാറുകൾ ധരിക്കണം’; വിദ്യാർഥികൾക്ക് പുതിയ നിർദേശവുമായി ബംഗാൾ ആരോഗ്യമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ കൊതുകുകടിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി സ്കൂൾ യൂണിഫോമുകളിൽ താൽക്കാലിക മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. ശരദ്വത് മുഖർജി.

ഡെങ്കിപ്പനി കൂടുതലായി പടരുന്ന സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നീ മൂന്ന് മാസങ്ങളിൽ കുട്ടികൾക്ക് മുഴുവൻ കൈയുള്ള ഷർട്ടുകളും കാലുകൾ പൂർണ്ണമായും മറയുന്ന പാന്റുകളും ധരിക്കാൻ സ്കൂളുകൾ അനുവദിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രത്യേകിച്ച്, സ്കർട്ട് ധരിക്കുന്ന പെൺകുട്ടികൾക്ക് പകരം കാലുകൾ മറയുന്ന തരത്തിലുള്ള സൽവാർ സ്യൂട്ടുകൾ ധരിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം അധ്യാപകരോടും പ്രധാനാധ്യാപകരോടും നിർദേശിച്ചു.

സ്വാസ്ഥ്യ ഭവനിൽ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി ഈ സുപ്രധാന അഭ്യർത്ഥന നടത്തിയത്. കൊതുകുകടിയിൽ നിന്ന് രക്ഷനേടാൻ കാൽമുട്ടുവരെയുള്ള സോക്സുകൾ ഉപയോഗിക്കാമെന്ന നിർദേശം അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരം സോക്സുകൾ നേർത്തതായതിനാൽ അതിലൂടെയും കൊതുകുകൾക്ക് കടിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ സ്കൂളുകൾക്കായി ഈ താൽക്കാലിക വസ്ത്രധാരണ രീതി സംബന്ധിച്ച് ഔദ്യോഗിക സർക്കുലർ ഉടൻ പുറത്തിറക്കുമെന്നും, സ്വകാര്യ സ്കൂളുകളോടും സമാനമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ സ്വകാര്യ സ്കൂളുകളിലെ യൂണിഫോം മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം അതാത് സ്കൂൾ അധികൃതർക്കായിരിക്കും. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ രോഗം വരാതിരിക്കാനുള്ള ഇത്തരം ബോധവൽക്കരണങ്ങളും മുൻകരുതലുകളും അത്യാവശ്യമാണെന്നും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

Also read: