05/09/2026
[fontresizer_tawhidurrahmandear_widget]

‘പെൻഷൻ ആദ്യ ഭാര്യക്കും ഗ്രാറ്റുവിറ്റി രണ്ടാം ഭാര്യക്കും’; രണ്ട് ഭാര്യമാരുള്ള അന്തരിച്ച സർക്കാർ ജീവനക്കാരന്റെ കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി

 ‘പെൻഷൻ ആദ്യ ഭാര്യക്കും ഗ്രാറ്റുവിറ്റി രണ്ടാം ഭാര്യക്കും’; രണ്ട് ഭാര്യമാരുള്ള അന്തരിച്ച സർക്കാർ ജീവനക്കാരന്റെ കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊൽക്കത്ത: സർവീസിലിരിക്കെ അന്തരിച്ച കേന്ദ്ര സർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൊൽക്കത്ത ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. 2024-ൽ സർവീസിലിരിക്കെ അന്തരിച്ച സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് ജീവനക്കാരന്റെ ആദ്യ ഭാര്യ നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് റിതബ്രതോ കുമാർ മിത്ര നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങൾ പ്രകാരം ഒരു ജീവനക്കാരന് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ കുടുംബ പെൻഷൻ ഇരുവർക്കുമായി തുല്യമായി വീതിച്ചു നൽകണമെന്നാണ് വ്യവസ്ഥയെന്ന് സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിധിയിൽ കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, ആറാഴ്‌ചയ്ക്കകം പെൻഷൻ തുകയുടെ പകുതി ആദ്യ ഭാര്യക്ക് നൽകാൻ അധികാരികൾക്ക് കോടതി കർശന നിർദേശം നൽകി. എന്നാൽ, ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി തുക ലഭിക്കുക രണ്ടാമത്തെ ഭാര്യക്കായിരിക്കും.

ജീവനക്കാരൻ തന്റെ ജീവിച്ചിരുന്ന കാലത്ത് ഗ്രാറ്റുവിറ്റിക്കുള്ള നോമിനിയായി രണ്ടാമത്തെ ഭാര്യയെയാണ് നാമനിർദേശം ചെയ്തിരുന്നതെന്നും, അതിനാൽ നിയമപ്രകാരം അവർക്കാണ് മുഴുവൻ ഗ്രാറ്റുവിറ്റി തുകയ്ക്കും അർഹതയെന്നും കോടതി വ്യക്തമാക്കി. ഇതിന് പുറമെ, മരിച്ച ജീവനക്കാരന്റെ ഒഴിവിലേക്കുള്ള ആശ്രിത നിയമനത്തിനായി രണ്ട് സ്ത്രീകൾക്കും അപേക്ഷിക്കാമെന്നും, ഇത്തരം അപേക്ഷകൾ നിയമപരമായി പരിശോധിച്ച് യോഗ്യരായ വ്യക്തിക്ക് നിയമനം നൽകണമെന്നും കോടതി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Also read: