ജീവിതത്തിൽ ഇന്നുവരെ സിഗരറ്റുപോലും വലിച്ചിട്ടില്ല’; കോടതിയിൽ പൊട്ടിക്കരഞ്ഞ് സാറ; മയക്കുമരുന്ന് കേസിൽ പ്രശസ്ത ഈജിപ്ഷ്യൻ ടിവി അവതാരകക്ക് വധശിക്ഷ
കെയ്റോ: വൻതോതിലുള്ള ലഹരിമരുന്ന് നിർമ്മാണ-കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രശസ്ത ടെലിവിഷൻ അവതാരക സാറാ ഖലീഫ (39) ഉൾപ്പെടെ 12 പേർക്ക് കെയ്റോ കോടതി വധശിക്ഷ വിധിച്ചു. ഈജിപ്തിലെ കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നങ്ങളും തുറന്നുകാട്ടുന്ന ‘മിഷൻ ഇംപോസിബിൾ’ എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയുടെ അവതാരകയാണ് സാറ. മാധ്യമ രംഗത്തിന് പുറമെ ഒരു കോസ്മെറ്റിക് സർജറി ക്ലിനിക്കും, വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയും ഇവർ സ്വന്തമായി നടത്തിവരുന്നുണ്ട്.
വിദേശത്തുനിന്ന് അസംസ്‌കൃത വസ്‌തുക്കൾ ഇറക്കുമതി ചെയ്ത് സിന്തറ്റിക്ക് ഡ്രഗ്‌സ് നിർമ്മിച്ച് വിൽപന നടത്തുന്ന സംഘടിത ക്രിമിനൽ സംഘത്തിൽ സാറയ്ക്കും മറ്റ് പ്രതികൾക്കും നിർണായക പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിലും അത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിലും സംഘത്തിലെ ഓരോ അംഗങ്ങൾക്കും കൃത്യമായ ചുമതലകളുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിന്റെ അന്വേഷണത്തിനിടെ പ്രതികളിൽ നിന്നും 750 കിലോഗ്രാമിലധികം ലഹരിവസ്തുക്കളും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും അധികൃതർ പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് നിർമ്മാണത്തിനായി ലബോറട്ടറികളാക്കി മാറ്റിയ രണ്ട് അപ്പാർട്ട്മെൻ്റുകൾ കണ്ടെത്തിയതിന് പുറമെ ലൈസൻസില്ലാത്ത തോക്കുകളും വെടിയുണ്ടകളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇതേ കേസിൽ ഉൾപ്പെട്ട മറ്റ് ഒമ്പത് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചപ്പോൾ ഏഴ് പേരെ വെറുതെ വിട്ടു. വധശിക്ഷാ കേസുകളിലെ നടപടിക്രമങ്ങളുടെ ഭാഗമായി ഈജിപ്തിലെ പരമോന്നത മതപണ്ഡിതനായ ഗ്രാൻഡ് മുഫ്തിയുടെ ഔദ്യോഗിക അഭിപ്രായം ലഭിച്ച ശേഷമാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ വിധി കോടതി ഇപ്പോൾ സ്ഥിരീകരിച്ചത്. എന്നാൽ ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് സാറയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ സാറാ ഖലീഫ പൂർണ്ണമായും നിഷേധിച്ചു. താൻ നിരപരാധിയാണെന്നും, ഈജിപ്തിലെ ലഹരിവിരുദ്ധ അതോറിറ്റിയുടെ ഓഫീസിൽ വെച്ച് ഫോട്ടോ എടുക്കുന്നതിന് മുൻപ് ജീവിതത്തിൽ ഒരിക്കൽ പോലും മയക്കുമരുന്ന് താൻ നേരിൽ കണ്ടിട്ടില്ലെന്നും കോടതിയിൽ അവർ വാദിച്ചു. ജീവിതത്തിൽ ഇന്നുവരെ ഒരു സിഗരറ്റുപോലും വലിച്ചിട്ടില്ലെന്നും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കോടതിമുറിയിൽ വെച്ച് പൊട്ടിക്കരഞ്ഞ സാറ, ദയവായി തൻ്റെ ഭാഗം കേൾക്കണമെന്നും ജഡ്ജിയോട് അപേക്ഷിച്ചു. തൻ്റെ മാതാപിതാക്കൾ തന്നെ നല്ല രീതിയിലാണ് വളർത്തിയതെന്നും അവർ പ്രാർത്ഥിക്കുന്നവരാണെന്നും പറഞ്ഞ സാറ, തനിക്ക് ലഹരിമരുന്ന് വിറ്റ പണത്തിൻ്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി.
എന്നാൽ ഡിജിറ്റൽ തെളിവുകൾ, ഫോൺ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് പുറമെ 20 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ ഇവർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത്. കേസിൻ്റെ അന്വേഷണ ഭാഗമായി 2025 ഏപ്രിലിലാണ് സാറ കെയ്റോയിൽ വെച്ച് അറസ്റ്റിലാകുന്നത്.
ഈജിപ്തിൽ കൊലപാതകം, ഭീകരവാദം, ബലാത്സംഗം, ലഹരിക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകാറുണ്ട്. എന്നാൽ ലഹരിമരുന്ന് കേസുകളിൽ വധശിക്ഷ നൽകുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തുണ്ട്. ആംനസ്റ്റി ഇന്റർനാഷണലിൻ്റെ കണക്കുകൾ പ്രകാരം 2025-ൽ ഈജിപ്തിൽ 492 പേർക്ക് വധശിക്ഷ വിധിക്കുകയും 23 എണ്ണം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഈജിപ്ഷ്യൻ കമ്മീഷൻ ഫോർ റൈറ്റ്സ് ആൻഡ് ഫ്രീഡംസിൻ്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 541 വധശിക്ഷാ വിധികളാണ് രാജ്യത്തുണ്ടായതെന്ന് ‘ഇൻഡിപെൻഡൻ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ബോധപൂർവ്വമുള്ള കൊലപാതക കേസുകളിൽ മാത്രമായി വധശിക്ഷ പരിമിതപ്പെടുത്തണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ പ്രധാന വാദം.