06/09/2026
[fontresizer_tawhidurrahmandear_widget]

‘വർ​ഗീയത പറഞ്ഞവരെ തുറന്നുകാണിച്ചതിൻ്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല’; വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് അബ്ദുല്ല ബാസിലിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് പികെ ഫിറോസ് എംഎൽഎ

 ‘വർ​ഗീയത പറഞ്ഞവരെ തുറന്നുകാണിച്ചതിൻ്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല’; വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് അബ്ദുല്ല ബാസിലിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് പികെ ഫിറോസ് എംഎൽഎ

കോഴിക്കോട്: കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷവിമർശനവുമായി പി.കെ. ഫിറോസ് എംഎൽഎ. വർഗീയത പറഞ്ഞവരെ തുറന്നുകാണിച്ചതിന്റെ പേരിൽ ആരെയും വേട്ടയാടാൻ മുസ്ലിം ലീഗ് അധികാരത്തിലിരിക്കുമ്പോൾ അനുവദിക്കില്ലെന്നും, അബ്ദുല്ല ബാസിലിനെതിരെയുള്ള കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കേസ് പിൻവലിക്കണമെന്ന് പറയാൻ കൂടിയാണ് ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി.

വളരെ കൃത്യമായ അക്കാദമിക്കായ ഒരു ഡിബേറ്റാണ് അബ്ദുല്ല ബാസിൽ ചർച്ചയിൽ മുന്നോട്ട് വെച്ചത്. എന്നാൽ അതിനെതിരെ ചാനൽ ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാസിലിനെതിരെയുള്ള എഫ്.ഐ.ആർ പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് കൊല്ലം ചെയ്തതുപോലെ കേരളത്തിൽ അനാവശ്യമായി വർഗീയത പറയുന്ന ഒരാളെയും ഞങ്ങൾ സംരക്ഷിക്കില്ല. പക്ഷേ വർഗീയത പറഞ്ഞതിന്റെ യാഥാർത്ഥ്യം പുറത്തുക്കൊണ്ടുവരുന്നതിന്റെ പേരിൽ ഒരാൾക്കെതിരെയും കേസ് ചുമത്താൻ മുസ്ലിം ലീഗ് അധികാരത്തിലിരിക്കുമ്പോൾ സമ്മതിക്കില്ല എന്ന് പറയാനുള്ള ആർജ്ജവം തങ്ങൾക്കുണ്ടെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

ബിഗ് ടിവി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പോലീസാണ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയുടെ പേരിലാണ് നടപടി. അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ ചർച്ചയുടെ ഭാഗങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിലെ കുറ്റം. ഇതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിച്ചെന്നും, അവതാരകയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ബി.എൻ.എസ് 192, 351 (1), 353, 3(5), ഐ.ടി ആക്ടിലെ 67 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ബാസിലിൻ്റെ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുവെന്നും വധഭീഷണിയുണ്ടായെന്നും അവതാരക പരാതിയിൽ പറഞ്ഞിരുന്നു.

അതേസമയം, ബാസിലിനെതിരെ കേസെടുത്ത നടപടി കടുത്ത വിവേചനമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് പ്രതികരിച്ചു. അവതാരക നൽകിയത് വ്യാജ പരാതിയാണെന്നും, പോലീസ് വളരെ തിടുക്കപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ ഇസ്ലാമിനെ പരിഹസിക്കുന്ന പരാമർശങ്ങളാണ് അവതാരക നടത്തിയത്. വിവാദങ്ങൾ മറയാക്കി ഇസ്ലാമിനെ വേട്ടയാടുകയാണ്. അബ്ദുല്ല ബാസിലിന്റെ വിശദീകരണ വീഡിയോയിൽ ആരോ കമന്റിട്ടതിനാണ് കേസെടുത്തിരിക്കുന്നത്. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്നും, ആരിഫ് ഹുസൈനെതിരെ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ടി.കെ അഷ്റഫ് ആവശ്യപ്പെട്ടു.

Also read: