യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല സിനിമാ വ്യവസായം നിയമവിധേയമാക്കാൻ യുക്രെയ്ൻ; ലക്ഷ്യം 30,000 ഡ്രോണുകൾ
കിയവ്: റഷ്യയുമായുള്ള യുദ്ധത്തിന് പണം കണ്ടെത്തുന്നതിനായി രാജ്യത്തെ അശ്ലീല സിനിമാ നിർമ്മാണവും വിതരണവും നിയമവിധേയമാക്കാൻ യുക്രെയ്ൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണലാണ് ഈ വാർത്ത പുറത്തുവിട്ടത്. അഡൽറ്റ് എന്റർടൈൻമെന്റ് വ്യവസായത്തെ നിയമപരമായ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുന്നതിലൂടെ 25 ദശലക്ഷം ഡോളർ വരെ നികുതി വരുമാനമായി നേടാനാകുമെന്നാണ് യുക്രെയ്ൻ പാർലമെന്റിന്റെ ഫിനാൻസ് കമ്മിറ്റി ചെയർമാനും എം.പിയുമായ യാരോസ്ലാവ് ഷെൽസ്നിയാക് വ്യക്തമാക്കുന്നത്. ഈ തുക ഉപയോഗിച്ച് യുദ്ധമുഖത്തേക്ക് ആവശ്യമായ 30,000 ഡ്രോണുകൾ വരെ വാങ്ങാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
നിലവിൽ യുക്രെയ്നിൽ അശ്ലീല സിനിമകൾ നിർമ്മിക്കുന്നതും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. എന്നാൽ, അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ വ്യവസായം രാജ്യത്ത് രഹസ്യമായി വളരുന്നുണ്ട്. റഷ്യയുടെ പൂർണ്ണമായ അധിനിവേശത്തിന് മുൻപ് അധികാരികൾ ഈ മേഖലയെക്കുറിച്ച് വലിയ തോതിൽ കണ്ണടയ്ക്കുകയായിരുന്നു പതിവ്. എന്നാൽ അടുത്തിടെ അഡൽറ്റ് കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്നും നികുതി ഈടാക്കാൻ അധികൃതർ തയ്യാറായതോടെ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. വരുമാനം വെളിപ്പെടുത്തുന്ന ക്രിയേറ്റർമാർ തങ്ങൾ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവരാണെന്ന് സ്വയം സമ്മതിക്കേണ്ടി വരുന്ന അവസ്ഥയാണുണ്ടായത്.
നികുതി അടച്ചില്ലെങ്കിൽ ക്രിമിനൽ കുറ്റത്തിന് ഇരയാകുകയും, നികുതി അടച്ചാൽ പോണോഗ്രാഫി നിയമങ്ങൾ ലംഘിച്ചതിന് കേസിൽ പെടുകയും ചെയ്യുന്ന തികച്ചും വിരോധാഭാസമായ സാഹചര്യമാണിതെന്ന് ഷെൽസ്നിയാക് ചൂണ്ടിക്കാട്ടി. മൂന്ന് മേഖലകളിലെ ഉദ്യോഗസ്ഥർ 20,000 ഡോളർ വരെ ഇത്തരക്കാരിൽ നിന്നും കൈക്കൂലി വാങ്ങിയതായി ജനറൽ പ്രോസിക്യൂട്ടർ ഓഫീസ് അടുത്തിടെ കണ്ടെത്തിയിരുന്നു. ‘ഒൺലിഫാൻസി’ന്റെ മാതൃ കമ്പനിയായ ഫെനിക്സ് ഇന്റർനാഷണലിന്റെ ഡാറ്റ പ്രകാരം, 2023-ൽ മാത്രം 7,900 യുക്രെയ്ൻ പൗരന്മാർ ഈ പ്ലാറ്റ്ഫോമിലൂടെ 131 ദശലക്ഷം ഡോളറിലധികം സമ്പാദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഡൽറ്റ് വ്യവസായം നിയമവിധേയമാക്കാനുള്ള ഷെൽസ്നിയാക്കിന്റെ നിർദ്ദേശം പാർലമെന്റ് പരിഗണിക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്. ഷെൽസ്നിയാക് ഉൾപ്പെടെയുള്ളവർ തയ്യാറാക്കിയ ഈ ബിൽ കഴിഞ്ഞ ജൂലൈയിൽ യുക്രെയ്ൻ പാർലമെന്റിൽ ആദ്യ വായന പൂർത്തിയാക്കി നിലവിൽ രണ്ടാം വായനയ്ക്കായി കാത്തിരിക്കുകയാണ്.