‘സ്കൂളിലെ ആദ്യ ദിനം, കത്തിയമർന്ന് പുസ്‌തകങ്ങളും പേനയും’; ഗസ്സയിൽ സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ എട്ടുവയസുകാരിക്കും പിതാവിനും ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ദാരുണാന്ത്യം
ഗസ്സ സിറ്റി: പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം സ്‌കൂളിൽ പോയി മടങ്ങുകയായിരുന്ന എട്ടുവയസുകാരിയായ ഫലസ്‌തീൻ ബാലികയ്ക്കും പിതാവിനും ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ദാരുണാന്ത്യം. പടിഞ്ഞാറൻ ഗസ്സയിലുണ്ടായ ആക്രമണത്തിൽ വഫാ യൂസഫ് നബീൽ അഖില, പിതാവ് യൂസഫ് നബീൽ റബാഹ് അഖില എന്നിവരാണ് കൊല്ലപ്പെട്ടത്. ഹമീദ് കവലയ്ക്ക് സമീപമുണ്ടായ ഈ ആക്രമണത്തിൽ മറ്റ് ആറ് ഫലസ്‌തീനികൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അൽ-ഷിഫ ആശുപത്രി അധികൃതരാണ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്.
സ്‌കൂൾ വിട്ടതിന് ശേഷം പിതാവിനൊപ്പം കാറിൽ പഠനസാമഗ്രികൾ വാങ്ങാൻ പോകുമ്പോഴായിരുന്നു ഇവർക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. കത്തിക്കരിഞ്ഞ വാഹനത്തിൻ്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുട്ടിയുടെ പുസ്‌തകങ്ങളും പേനകളും ചിതറിക്കിടക്കുന്നതിൻ്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗസ്സയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രയേൽ ആക്രമണങ്ങളിൽ പൂർണ്ണമായി തകർക്കപ്പെട്ടതിനാൽ ടെന്റുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്നത്. സെപ്റ്റംബർ അവസാനത്തോടെയാണ് ഗസ്സയിൽ ഔദ്യോഗികമായി സ്‌കൂളുകൾ തുറക്കുന്നതെങ്കിലും, ചില ബദൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇപ്പോൾ തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഒരു ഹമാസ് സായുധ പ്രവർത്തകനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ പ്രാഥമിക വിശദീകരണം. കൊല്ലപ്പെട്ട പിതാവ് യൂസഫ് അഖില ഹമാസിൻ്റെ എലൈറ്റ് നുഖ്‌ബ ഫോഴ്‌സിലെ ഒരു കമാൻഡറാണെന്നും, ഇയാൾ ഇസ്രയേൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും സൈന്യം ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ ശരിവെയ്ക്കുന്ന യാതൊരു തെളിവുകളും സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വഫായ്ക്കും പിതാവിനും പുറമെ ഗസ്സയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മറ്റ് ആക്രമണങ്ങളിലും നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്. മധ്യ ഗസ്സയിലെ ദീർ അൽ-ബലാഹിന് കിഴക്ക്, അഭയാർത്ഥികൾ തമ്പടിച്ചിരുന്ന സക്കീന സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴുവയസുകാരനായ സാദി ഗാലിയ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ റിമാൽ ഏരിയയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ മുഹമ്മദ് ആത്തിഫ് അറാഫത്ത് സുക്കർ (28), ഫലസ്‌തീൻ സ്റ്റേഡിയത്തിന് സമീപം വെടിയേറ്റ് ഹസൻ അലി സഖല്ല (19) എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.